തിരുവനന്തപുരം: തുലാവര്‍ഷത്തിന്റെ വരവിനുമുന്നോടിയായി സംസ്ഥാനത്താകെ മഴ വീണ്ടും ശക്തമായി. തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകള്‍ക്ക് ഓറഞ്ച് മുന്നറിയിപ്പ് നല്കി. 24 മണിക്കൂറില്‍ 20 സെന്റീമീറ്റര്‍വരെ മഴ ഇവിടങ്ങളില്‍ പെയ്യാം. മറ്റു ജില്ലകള്‍ക്കെല്ലാം മഞ്ഞ മുന്നറിയിപ്പും നല്കി.
കേരള-ലക്ഷദ്വീപ് തീരത്തിനുമുകളില്‍ ചക്രവാതച്ചുഴിയുണ്ട്. ഇത് ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദമായി ശക്തിപ്രാപിക്കും. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ശക്തിയാര്‍ജിച്ച് പടിഞ്ഞാറേക്ക് സഞ്ചരിക്കും. ഇത് കേരളതീരത്തുനിന്ന് അകലുകയാണെങ്കില്‍ മഴയ്ക്ക് ശക്തികുറയും. അല്ലാത്തപക്ഷം ശക്തമായ മഴ തുടരാനാണ് സാധ്യത.
17-ന് കണ്ണൂര്‍, കോഴിക്കോട് ഒഴികെയുള്ള ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചൊവ്വാഴ്ചവരെ കേരളതീരത്തും 18 വരെ ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനം വിലക്കി.
ഒക്ടോബര്‍ ഒന്നുമുതല്‍ 15 വരെ കേരളത്തില്‍ 19 ശതമാനം അധികമഴ പെയ്തു. മഴ ശക്തമായി തുടരുന്നുണ്ടെങ്കിലും തുലാവര്‍ഷത്തിന്റെ വരവ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.