തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സംസ്ഥാനത്തു പുതിയ ബവ്റിജസ് ഷോപ്പുകള്‍ തുറക്കില്ല. പൂട്ടിപ്പോയ 68 ഷോപ്പുകളും പുതിയ 175 ഷോപ്പുകളും തുടങ്ങാന്‍ ബവ്കോയ്ക്ക് സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം അനുമതി നല്‍കിയിരുന്നു. ഏഴെണ്ണം തുറക്കുകയും ചെയ്തു. ഇനി ലോക്സഭാ തിരഞ്ഞെടുപ്പു കഴിയും വരെ ഒന്നും തുറക്കേണ്ടെന്നു വാക്കാല്‍ നിര്‍ദേശം നല്കി. പലയിടത്തും ഷോപ്പുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടു പ്രദേശവാസികളുടെ എതിര്‍പ്പുണ്ട്. തിരഞ്ഞെടുപ്പു ഘട്ടത്തില്‍ ഇതു തിരിച്ചടിയാകുമെന്നതാണു കാരണമായി പുറത്തു പറയുന്നതെങ്കിലും, ബവ്കോ ഷോപ്പുകള്‍ കൂട്ടത്തോടെ തുറക്കുന്നതിനെതിരെ ബാറുടമകളുടെ സമ്മര്‍ദമുണ്ട്. ഇത്തവണ മദ്യനയത്തില്‍ ലൈസന്‍സ് ഫീസ് 5 ലക്ഷം ഉയര്‍ത്തിയതില്‍ ഇടഞ്ഞുനില്‍ക്കുന്ന ബാറുടമകള്‍, കൂടുതല്‍ ബവ്കോ ഷോപ്പുകള്‍ തുറക്കുന്നതില്‍ അവര്‍ക്കുള്ള ആശങ്ക സര്‍ക്കാരിനെയും സിപിഎം നേതൃത്വത്തെയും അറിയിച്ചിരുന്നു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിപ്പോയ 68 മദ്യഷോപ്പുകള്‍ പുനഃസ്ഥാപിക്കാനും 175 പുതിയ ഷോപ്പുകള്‍ ആവശ്യാനുസരണം തുടങ്ങാനും 2022 മേയിലാണു സര്‍ക്കാര്‍ അനുമതി നല്‍കിയത്. ബവ്കോയ്ക്ക് ഏഴെണ്ണവും കണ്‍സ്യൂമര്‍ഫെഡിന് അഞ്ചെണ്ണവുമേ ഇതുവരെ പുനഃസ്ഥാപിക്കാനായുള്ളൂ. എന്നാല്‍ അന്‍പതോളം ബാറുകള്‍ ഇതിനുശേഷം തുടങ്ങി. ബാറുകള്‍ക്ക് എക്സൈസ് അനുമതി നല്കുന്ന വേഗം ബവ്കോയുടെ കാര്യത്തിലുണ്ടായില്ല. പുതിയ 10 ഷോപ്പുകള്‍ക്കു കൂടി ബവ്കോ സ്ഥലം കണ്ടെത്തിയിരിക്കെയാണു വിലക്ക്.
559 ചില്ലറവില്പന ഷോപ്പുകള്‍ക്ക് അനുമതിയുണ്ടെങ്കിലും 309 എണ്ണം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്നും ബാക്കിയുള്ളവ പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയെടുക്കുമെന്നുമാണ്, ഇത്തവണത്തെ മദ്യനയം വിശദീകരിച്ചുകൊണ്ടു ജൂലൈയില്‍ എക്സൈസ് മന്ത്രി പറഞ്ഞത്. 2022 മേയിലെ ഉത്തരവ് പ്രകാരമുള്ള ഷോപ്പുകളെക്കുറിച്ചാണു സൂചിപ്പിച്ചത്. എന്നാല്‍ മൂന്നു ദിവസത്തിനുശേഷം മദ്യനയം ഉത്തരവായി ഇറങ്ങിയപ്പോള്‍ ചില്ലറ വില്പന ഷോപ്പുകളെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ല. ഈ വൈരുധ്യം അന്നു തന്നെ വിവാദമായിരുന്നു. ഉയര്‍ത്തിയ ലൈസന്‍സ് ഫീസ് രണ്ടരമാസം കഴിഞ്ഞിട്ടും ബാറുടമകളില്‍ നിന്നു പിരിച്ചിട്ടുമില്ല.