തിരുവനന്തപുരം: കഴിഞ്ഞ ദിവസം രാത്രിമുതല്‍ പെയ്യുന്ന മഴയില്‍ തിരുവനന്തപുരം നഗരത്തില്‍ കനത്ത വെള്ളക്കെട്ട്. കടല്‍വെള്ളം കയറിയത് പിന്‍വാങ്ങാത്ത സാഹചര്യവും പലയിടത്തും നിലനില്ക്കുന്നു. അസാധാരണ സാഹചര്യമാണ് തിരുവനന്തപുരം നഗരത്തില്‍ നിലനില്‍ക്കുന്നതെന്നും ജില്ലാ ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന് കുട്ടി അറിയിച്ചു.
തിരുവനന്തപുരം ഗൗരീശപട്ടത്തെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളംകയറി. നഗരത്തില്‍ വിവിധയിടങ്ങളില്‍ വെള്ളം കയറിയനിലയിലാണ്. തെറ്റിയാര്‍ കരകവിഞ്ഞൊഴുകുന്നു. ടെക്നോപാര്‍ക്ക് മെയിന്‍ ഗേറ്റ് വഴി വാഹനഗതാഗതം താത്ക്കാലികമായി നിര്‍ത്തിവെച്ചു.
12.30ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം – ഡല്‍ഹി കേരള എക്സ്പ്രസ് (12625) ഏഴ് മണിക്കൂര്‍ വൈകി പുറപ്പെടുമെന്ന് റെയില്‍വേ അറിയിച്ചു. വൈകിട്ട് 7.35-നായിരിക്കും ട്രെയിന്‍ പുറപ്പെടുക. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കൊച്ചുവേളി പിറ്റ് ലൈനില്‍ വെള്ളം കയറിയ നിലിയിലാണ്.
നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ നിലവില്‍ ഉയര്‍ത്തിയിട്ടുണ്ട്. സമീപവാസികള്‍ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പേപ്പാറ ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്.
ജില്ലയിലെ അടിയന്തര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസില്‍ എത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളില്‍ വേണ്ട സഹായങ്ങള്‍ എത്തിക്കുവാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്കി. താലൂക്ക് കണ്ട്രോള് റൂമുകള്‍ പൂര്‍ണ്ണ സജ്ജമാണെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊതുജനങ്ങള്‍ക്ക് അടിയന്തിര സാഹചര്യമുള്ള പക്ഷം താലൂക്ക് കണ്ട്രോള് റൂമുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
മഴക്കെടുതിയില്‍ തിരുവനന്തപുരം ജില്ലയില്‍ വീടുകളില്‍ താമസിപ്പിക്കാന്‍ പറ്റാത്ത കുട്ടികള്‍ക്ക് തൈക്കാട് സമിതി ആസ്ഥാനത്ത് താത്ക്കാലിക ഷെല്‍ട്ടര്‍ ഒരുക്കുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. ആറ് വയസിന് താഴെയുള്ള കുട്ടികളെ ശിശുപരിചരണ കേന്ദ്രത്തിലും ആറ് വയസ് മുതല്‍ പതിനെട്ട് വയസ് വരെയുള്ള പെണ്‍കുട്ടികളെ വീട് – ബാലിക മന്ദിരത്തിലും പാര്‍പ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1517-ല്‍ ബന്ധപ്പെടുക.