കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി ചിത്രത്തിന് ഔദ്യോഗിക അംഗീകാരം. മുന്നണി സ്ഥാനാര്‍ഥികളുടെ പത്രികകള്‍ അംഗീകരിച്ചു. ആകെ പത്രിക നല്കിയ 10 സ്ഥാനാര്‍ഥികളില്‍ 7 പേരുടെ പത്രിക അംഗീകരിച്ചു. 3 പേരുടേത് തള്ളി.
ചാണ്ടി ഉമ്മന്‍ (യുഡിഎഫ്), ജെയ്ക് സി.തോമസ് (എല്‍ഡിഎഫ്), ജി.ലിജിന്‍ ലാല്‍ (എന്‍ഡിഎ), സന്തോഷ് ജോസഫ്, ലൂക്ക് തോമസ്, ഷാജി, പി.കെ.ദേവദാസ് എന്നിവരുടെ പത്രികകളാണു സ്വീകരിച്ചത്. ഡോ. കെ.പദ്മരാജന്, മഞ്ജു എസ്.നായര്‍, റെജി സഖറിയ എന്നിവരുടെ പത്രികകള്‍ നിരസിച്ചു.
പത്രികയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ് ഒപ്പിട്ട തീയതി സംബന്ധിച്ച് ബിജെപി ആക്ഷേപം ഉന്നയിച്ചെങ്കിലും പത്രിക അംഗീകരിക്കുകയായിരുന്നു. ജെയ്ക്കിന് 2.08 കോടി, ലിജിന്‍ ലാലിന് 18.59 ലക്ഷം, ചാണ്ടി ഉമ്മന്‍ 15.99 ലക്ഷം രൂപ എന്നിങ്ങനെയാണ് ആസ്തിയെന്നു സ്ഥാനാര്‍ഥികളുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. സെപ്റ്റംബര്‍ അഞ്ചിനാണു തിരഞ്ഞെടുപ്പ്. 8ന് വോട്ടെണ്ണല്‍.