നിറഞ്ഞ കണ്ണുകളോടെ ഇത്രയേറെ മനുഷ്യരെ തന്നിലേക്കെത്തിക്കാന്‍ കഴിയണമെങ്കില്‍ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പേര് ഉമ്മന്‍ചാണ്ടി എന്നായിരിക്കണം.
രണ്ടാമതൊരാളില്ല , ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് പിആർഡി ഡെപ്യൂട്ടി ഡയറക്ടർ ശൈലേന്ദ്രൻ കെ ശശിധരൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്
ചെല്ലച്ചന്ദ്ര ബോസ്.
അതായിരുന്നു അയാളുടെ പേര്.
മനസ്സു തെറ്റിയ ഒരു നേരത്താണയാള്‍ മുഖ്യമന്ത്രിക്കസേരയില്‍ കയറിയിരുന്നത്. പോലീസുകാര്‍ തൂക്കിയെടുത്തു കൊണ്ടു പോകുമ്പോള്‍ മുഖ്യമന്ത്രി കോണ്‍ഫറന്‍സ് ഹാളിലായിരുന്നു. വാതില്ക്കലുള്ള ആള്‍ക്കൂട്ടത്തിലൂടെ തിക്കിത്തിരക്കി അദ്ദേഹം പോലീസിനോട് വിളിച്ചു പറയുന്നുണ്ടായിരുന്നു,അയാളെ ഒന്നും ചെയ്യല്ലേയെന്ന്.
ആള്‍ക്കൂട്ടത്തിലൂടെ നടക്കുമ്പോള്‍ തന്റെ വസ്താഞ്ചലത്തില് ആരോ ഒരാള്‍ തൊട്ടുവല്ലോയെന്ന് ചോദിച്ച യേശുദേവനെപ്പോലെയായിരുന്നു അദ്ദേഹമെന്ന് കെ.ജയകുമാര്‍ സാര്‍ പറഞ്ഞിട്ടുണ്ട്.
തന്നെക്കൊണ്ട് ആവശ്യമുള്ള മനുഷ്യരുടെ അടുത്തേക്കദ്ദേഹമെത്തി, അവരുടെ വേദനകളെയും പ്രയാസങ്ങളെയും തൊട്ടു. വലിയ മനുഷ്യരുടെ വിലാപയാത്രയ്ക്ക് ധാരാളമാളുകളെത്തും, എന്നാല്‍ നിറഞ്ഞ കണ്ണുകളോടെ ഇത്രയേറെ മനുഷ്യരെ തന്നിലേക്കെത്തിക്കാന്‍ കഴിയണമെങ്കില്‍ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പേര് ഉമ്മന്‍ചാണ്ടി എന്നായിരിക്കണം.
രണ്ടാമതൊരാളില്ല , ആ പേരില്‍.
രണ്ടാമതൊരാള്‍ക്ക് ജീവിക്കാനുമാകില്ല ആ ജീവിതം.
ജനപ്രിയതയുടെ അക്ഷയപാത്രമായിരുന്നു ഉമ്മന്‍ചാണ്ടി സാര്‍. ജനസമ്പര്‍ക്ക നാളുകളില്‍ പുലര്‍ച്ചെ തന്റെയടുത്തെത്തുന്ന അവസാനത്തെയാളെയും ക്ഷമയോടെ കേട്ടു നില്ക്കുന്ന മുഖ്യമന്ത്രി അദ്ഭുതം തന്നെയായിരുന്നു.
ആസാമില്‍ നിന്നെത്തിയ എന്റെ സുഹൃത്ത് പ്രിയാങ്കു ശര്‍മയെന്ന മാധ്യമപ്രവര്‍ത്തകന്റെ നേതൃത്വത്തിലുള്ള സംഘത്തിന് മുഖ്യമന്ത്രിയെ കാണാനുള്ള അവസരമുണ്ടായത് കൊല്ലത്തെ ജനസമ്പര്‍ക്ക വേദിയിലാണ്. ജനലക്ഷങ്ങളുടെ നടുവില്‍, യാതൊരു സുരക്ഷാസന്നാഹവുമില്ലാതെ നില്ക്കുന്ന മുഖ്യമന്ത്രി. പിന്നീട് പ്രിയാങ്കു അതേക്കുറിച്ച് പറഞ്ഞു, നിങ്ങളുടെ മുഖ്യമന്ത്രിയെപ്പോലെ മറ്റൊരാള്‍ ഈ ലോകത്തുണ്ടാകില്ല.
ഒടുങ്ങാത്ത കരുണയും, കലര്‍പ്പില്ലാത്ത കരുതലുമായി സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ കേള്‍ക്കുന്ന മുഖ്യമന്ത്രിയുടെ അസംഖ്യം ചിത്രങ്ങള്‍ മനസ്സിലുണ്ട്. ഇടനാഴിയിലെ ജനസമുദ്രത്തിനു നടുവില്‍ ഉയര്‍ന്നു നില്ക്കുന്ന ഒരു പേനയും പാറിപ്പറന്ന തലമുടിയുമായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി.
You attract that which you are. This is the absolute law of life. Whatever you are the same comes to you.
ഉമ്മന്‍ചാണ്ടി സാര്‍ സ്നേഹമായിരുന്നു. തന്നെപ്പുണരുന്ന പൂവുകളോടൊപ്പം ഉറങ്ങുമ്പോള്‍ അദ്ദേഹത്തെ അത്രമേല്‍ സ്നേഹിച്ചവരുടെ ഓര്‍മകള്‍ കണ്ണീരായി കൂട്ടിനെത്തുന്നു. വലിയ മനുഷ്യര്‍ ഒറ്റയ്ക്ക് മരിക്കുന്നില്ല. പ്രിയപ്പെട്ടവരുടെ ഒരു പങ്കും അവരോടൊപ്പം ചേരുന്നു.