തിരുവനന്തപുരം: കുട്ടികളെ ഉൾപ്പെടെ കടിച്ചുകീറുന്ന തെരുവുനായ് ആക്രമണം രൂക്ഷമായിരിക്കെ സംവിധാനങ്ങൾ നോക്കുകുത്തിയെന്ന് ആക്ഷേപം. വാക്സിനേഷനും വന്ധ്യംകരണവും ഊർജിതമാക്കി തെരുവുനായ് ഭീതി ഇല്ലാതാക്കാൻ പ്രഖ്യാപനങ്ങൾ നിരവധി ഉണ്ടായെങ്കിലും ഒന്നും കാര്യക്ഷമമായില്ല. കഴിഞ്ഞ മൂന്നു ദിവസത്തെ കണക്ക് പ്രകാരം സംസ്ഥനത്ത് 1631 പേർക്ക് തെരുവുനായുടെ കടിയേറ്റു. അതിൽ നല്ലൊരു ശതമാനവും ചെറിയ കുട്ടികളാണ്.
ഈ വർഷം ഏഴുമാസത്തിനിടെ 18 പേവിഷ മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഒമ്പതെണ്ണം സ്ഥിരീകരിച്ചു. ഒമ്പതെണ്ണത്തിന്റെ അന്തിമഫലം ലഭിക്കാനുണ്ട്. ജൂലൈയിൽ ഇതുവരെ മൂന്നു മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരുമണിക്കൂറിൽ 23 പേർ നായ്കടിയേൽക്കുന്ന അവസ്ഥയാണ് ഇന്നു കേരളത്തിൽ. ശനിയാഴ്ച തലസ്ഥാന ജില്ലയിൽ ബാലരാമപുരത്ത് നായുടെ ആക്രമണത്തിന് ഇരയായി മുഖത്ത് സാരമായി കടിയേറ്റ കുഞ്ഞിനെ പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കേണ്ടിവന്നു.
തെരുവുനായ്ക്കൾ വീട്ടുവളപ്പുകളിലേക്ക് കടന്നുകയറി ആക്രമണം നടത്തുന്ന സാഹചര്യത്തിലും ബന്ധപ്പെട്ട വകുപ്പുകൾ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ല. തെരുവുനായ് നിയന്ത്രണത്തിന് കേന്ദ്ര മാനദണ്ഡങ്ങൾ പലതിനും തടസ്സമാണെങ്കിലും സംസ്ഥാനം പ്രഖ്യാപിച്ച വാക്സിനേഷനും വന്ധ്യംകരണവും എങ്ങുമെത്തുന്നില്ല. ഈ വർഷം ആറുമാസത്തിനിടെ 1,62,437 പേരാണ് നായ്കടിയേറ്റ് ചികിത്സ തേടിയത്. ശരാശരി ഓരോ മാസവും 25,000 പേർ നായ് കടിക്ക് ചികിത്സ തേടുന്നുണ്ട്. മാർച്ചിലാണ് ഏറ്റവും കൂടുതൽ നായ്കടി റിപ്പോർട്ട് ചെയ്തത് 31,000.
തലസ്ഥാന ജില്ലയിലാണ് ഏറ്റവും കൂടതൽ തെരുവുനായ് ആക്രമണം നടന്നത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ എന്നിവയാണ് തെരുവുനായ് വില്ലനായ മറ്റു ജില്ലകൾ. തെരുവുനായ് ആക്രമണങ്ങൾക്ക് പിന്നാലെ കടിച്ച നായ്ക്കൾ ചത്തുവീഴുന്നത് ജനങ്ങളിൽ പുതിയ ആശങ്ക സൃഷ്ടിക്കുന്നു. തലസ്ഥാന ജില്ലയിൽ അഞ്ചുതെങ്ങിൽ നാലു വയസ്സുകാരിയെ കടിച്ച നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ശനിയാഴ്ച ബാലരാമപുരത്ത് രണ്ടു കുട്ടികളെ കടിച്ച നായും ചത്തു.