കൊച്ചി: ഇന്ത്യൻ ജനാധിപത്യത്തിന്റെ നാലാം തൂൺ, എന്നാണ് ഇന്ത്യയിൽ മാധ്യമ പ്രവർത്തനത്തെ വിശേഷിപ്പിക്കുന്നത്. എന്നാൽ കുറച്ചു കൂടി ആഴത്തിൽ വിശകലനം ചെയ്താൽ
“മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിന് പ്രധാനമായ ഒന്നെന്നല്ല, മറിച്ച് മാധ്യമ സ്വാതന്ത്ര്യം തന്നെയാണ് ജനാധിപത്യം” എന്ന അമേരിക്കൻ മാധ്യമ പ്രവർത്തകൻ വാൾട്ടർ ക്രോങ്കൈറ്റിന്റെ വാക്കുകളാണ് കൂടുതൽ ശരിയെന്ന് തോന്നുന്നു. ഒരു ജനാധിപത്യ രാഷ്ട്രത്തിൽ അധികാര ശ്രേണിയേയും ജനങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് മാധ്യമങ്ങൾ.
അബ്രഹാം ലിങ്കന്റെ വാക്കുകളിൽ “ജനങ്ങൾക്കുവേണ്ടി, ജനങ്ങളാൽ, ജനങ്ങളെ ഭരിക്കുന്നതാണ് ജനാധിപത്യമെന്ന്” പറയുപ്പോഴും, തിരഞ്ഞെടുപ്പ് സമയങ്ങളിൽ അല്ലാതെ ഇന്ത്യയിൽ ജനങ്ങളും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട അധികാര കേന്ദ്രങ്ങളും തമ്മിൽ മാധ്യമങ്ങളല്ലാതെ പ്രഥമ ദൃഷ്ടിയിൽ നമുക്ക് ബന്ധിപ്പിക്കാൻ കഴിയുന്നതൊന്നും നിലവിലില്ല എന്ന് പറയേണ്ടിവരും.
ജനങ്ങളുടെ മനസ്സിൽ തോന്നുന്ന സംശയങ്ങളും, ജനങ്ങളുടെ വിമർശനങ്ങളും, ചോദ്യങ്ങളും എല്ലാം തന്നെയാണ് മാധ്യമങ്ങൾ അവർക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളോട് ചോദിക്കുന്നത്.
പലപ്പോഴും പാലം കടന്നാൽ കൂരായണ എന്ന ചിന്താഗതി വച്ചുപുലർത്തുന്ന അധികാരികൾ ഈ ചോദ്യങ്ങൾ ഇഷ്ടപ്പെടില്ല എന്ന് മാത്രമല്ല ഇവയെ അടിച്ചമർത്താനുള്ള ശ്രമങ്ങളും നടത്താറുണ്ട്.
ഇന്നാൽ ഇപ്പോൾ ഇന്ത്യയിൽ ഉടനീളം മാധ്യമ സ്വാതന്ത്ര്യം അടിച്ചമർത്താനുള്ള ഏറ്റവും നീചമായ തന്ത്രങ്ങൾ മെനയുകയാണ് അധികാരികൾ. മോദി സർക്കാരിന് കീഴിൽ 2022 ലെ 150 എന്നതിൽ നിന്നും 30 റാങ്കുകൾ കൂടി ഇടിഞ്ഞ് ” അപകടകരമായ അവസ്ഥ” എന്ന് ഉറപ്പിക്കാവുന്ന തരത്തിൽ 180ലേക്ക് എത്തിയിരിക്കുന്നു മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ റാങ്കിങ്. ഓരോ റാങ്കിങ് ഇടിയുബോഴും അത്ര മാത്രം ഫിൽട്ടർ ചെയ്ത വാർത്തകളാണ് ജനങ്ങൾക്ക് മുന്നിൽ എത്തുന്നത് എന്നതാണ് വാസ്തവം. ആ ഫിൽട്ടറിംഗ് നടത്തുന്നത് അഥവാ നടത്താൻ പ്രേരിപ്പിക്കുന്നത് ഭരണത്തിലിരിക്കുന്ന സർക്കാരുകളാണ്. അതിന് ഉത്തമ ഉദാഹരണമാണ് നമ്മുടെ ഇന്ത്യയിലെ മണിപ്പൂർ എന്ന സംസ്ഥാനം മുഴുവനും കത്തിയെരിയുമ്പോഴും ദേശീയ മാധ്യമങ്ങളുടെ പ്രൈം ടൈമിൽ ആദി പുരുഷൻ സിനിമയിൽ ഹൈന്ദവ സനാതന ധർമ്മം നന്നായി അവതരിപ്പിച്ചോ ഇല്ലയോ എന്ന ചർച്ചകൾ നിറയുന്നത്.
ദേശീയ മാധ്യമങ്ങളെ മണിപവർ കൊണ്ടും, കേന്ദ്ര ഏജൻസികൾ കൊണ്ടും കൂച്ചുവിലങ്ങിട്ട് നിർത്താൻ സർക്കാരിന് ഒരു പരിധി വരെ വിജയകരമായി സാധിച്ചു.
അതിന്റെ തുടർച്ചയെന്ന പോലെയാണ് ഇപ്പോൾ സംസ്ഥാനത്തെ പിണറായി സർക്കാരും മാധ്യമങ്ങളോട് പെരുമാരുന്നത്. സംസ്ഥാന സർക്കാരിനും അവരുമായി ബന്ധപ്പെട്ട് നിൽക്കുന്ന അധികാര കേന്ദ്രങ്ങൾക്കും, കൂടാതെ ഭരണപക്ഷ പാർട്ടി വൃന്ദങ്ങൾക്കുമെതിരെ വാർത്തകൾ റിപ്പോർട്ട് ചെയ്താൽ പോലും കേസെടുക്കുന്ന അവസ്ഥയാണ് ഇപ്പോൾ സംസ്ഥാനത്ത് നിലനിൽക്കുന്നത്. ആദ്യം ഈ അധികാര ദുർവിനയോഗത്തിന്റെ കടന്ന് കയറ്റം ഓൺലൈൻ മാധ്യമങ്ങളിൽ മാത്രമായിരുന്നു എങ്കിൽ ഇന്ന് മുഖ്യധാര മാധ്യമങ്ങളിലേക്കും ഇവ എത്തിയിരിക്കുന്നു.
മുഖ്യധാര മാധ്യമങ്ങളായ ഏഷ്യാനെറ്റിനും മാതൃഭൂമിക്കുമെതിരെ കേസെടുത്തത് നമ്മൾ കണ്ടു. സ്വതന്ത്രമായ അഭിപ്രായം പറഞ്ഞതിന് കൂടിയല്ല, എസ് എഫ് ഐ എന്ന വിദ്യാർത്ഥി സംഘടനയ്ക്ക് എതിരെ കേവലം ഒരു വാർത്ത റിപ്പോർട്ട് ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്.
എലത്തൂർ കേസിൽ മാതൃഭൂമിക്കെതിരായ പൊലീസ് നടപടി പ്രത്യേക ലക്ഷ്യത്തോടെയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി മാതൃഭൂമി മാനേജിങ് ഡയറക്ടർ എം വി ശ്രേയാംസ് കുമാറും രംഗത്തെത്തിയിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനെ നീക്കം ചെയ്യാൻ വേണ്ടി ആ പോലീസ് ഓഫീസറുടെ പേര് പറയാൻ ജീവനക്കാർക്ക് നേരെ പൊലീസ് സമ്മർദ്ദമുണ്ടായെന്ന് ശ്രേയംസ് കുമാറിലെ പോലെ കേരളത്തിലെ ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ എം ഡിയും ഭരണകക്ഷിയുടെ ഘടക കക്ഷി എം പി യും കൂടിയായ ഒരാൾ പറയുമ്പോൾ ഈ വേട്ടയാടലുകളിലെ തീവ്രത എത്രയെന്ന് നമുക്ക് മനസ്സിലാക്കാം.
ഈ നടപടികളെല്ലാം ഫാസിസത്തിലേക്കുള്ള ചവിട്ടുപടികളാണ്. അതിനായി മാധ്യമങ്ങളുടെ വായ മൂടി കെട്ടാനുള്ള സംഘടിത നിക്കങ്ങൾ നടത്തുകയാണ് സർക്കാർ. മാധ്യമ സ്വാതന്ത്ര്യത്തിന്റെ ഈ തകര്‍ച്ച ജനാധിപത്യത്തെ ബാധിക്കുമെന്ന് പറയുന്നതിലും ശരി ജനാധിപത്യത്തിന്റെ തകര്‍ച്ചയാണ് ഇന്ന് മാധ്യമ സ്വാതന്ത്ര്യത്തെ ബാധിച്ചിരിക്കുന്നത് എന്ന് പറയുന്നതാവും. മാധ്യമത്തിന്റെ അടിത്തറ തന്നെ ജനമനസുകളാണ്. അവരുടെ ശബ്ദമായാണ് മാധ്യമങ്ങൾ ലോകമെമ്പാടും അറിയപ്പെടുന്നതും. മാറി വരുന്ന സർക്കാരുകളുടെ പ്രവര്‍ത്തനം നോക്കിക്കണ്ടും പരിശോധിച്ചും വിമര്‍ശിച്ചും പക്ഷം ചേരാതെ പ്രവർത്തിച്ചും കൃത്യമായ വാർത്ത ജനങ്ങളിലേക്ക് എത്തിക്കാൻ മാധ്യമങ്ങൾ എന്നും എപ്പോഴും ഏത് കെട്ടകാലത്തിലും പ്രതിജ്ഞ ബത്തമാണ്. ഇതിനായി എത്രത്തന്നെ പ്രലോഭനങ്ങളും, ഭീഷണികളും, സൈബര്‍ ബുള്ളിയിങുകളും നേരിടേണ്ടി വന്നാലും ജനങ്ങള്‍ക്കുവേണ്ടി നില കൊള്ളുക എന്ന മാധ്യമ ധർമ്മത്തെ ഉയർത്തിപ്പിടിച്ച് നിലനിൽക്കേണ്ട ബാധ്യത ഉള്ള ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങൾ.
ഇന്ന് ജനാധിപത്യ വ്യവസ്ഥിതി അനുഭവിക്കുന്ന തകർച്ചയെ ഒരു പരിതി വരെ പിടിച്ചു നിർത്താനും കഴിയുന്നത് മാധ്യമങ്ങൾക്ക് മാത്രമാണ് എന്നതാണ് വസ്തുത.
കാൽവിൻ കൂലിഡ്ജിന്റെ വരികളെ ഉദ്ദരിച്ചാൽ ജന മനസുകളിലെ സ്വാതന്ത്ര്യം നിലകൊള്ളുന്നത് മാധ്യമ സ്വാതന്ത്രത്താലും അഭിപ്രായ സ്വാതന്ത്രത്താലുമാണ്. അവ നഷ്ടപ്പെടുത്തിക്കൂടാ.