ന്യൂഡൽഹി:ഇന്ന് ഇന്ത്യൻ ബഹിരാകാശ രംഗത്ത് പുതു ചരിത്രം കുറിക്കപ്പെടും. രാജ്യത്തു നിന്നുള്ള ആദ്യത്തെ സ്വകാര്യ റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഇന്ന് രാവിലെ 11.30 നു വിക്ഷേപിക്കും. സ്കൈറൂട്ട് എയറോസ്പേസ് എന്ന സ്റ്റാർട്ടപ്പിന്റെ വിക്രം എസ്, സൗണ്ടിംഗ് റോക്കറ്റാണ് ചരിത്രം കുറിക്കാനൊരുങ്ങുന്നത്.
റോക്കറ്റ് വിക്ഷേപണ രംഗത്തേക്കുള്ള സ്വകാര്യമേഖലയുടെ രംഗപ്രവേശത്തെ ഐഎസ്ആർഒയും രാജ്യവും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്, ഇൻസ്പേസ് ചെയർമാൻ പവൻ ഗോയങ്ക, ബഹിരാകാശ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് എന്നിവർ വിക്ഷേപണം കാണാനായി ശ്രീഹരിക്കോട്ടയിൽ എത്തിയിട്ടുണ്ട്. ആറ് മീറ്റർ ഉയരവും 545 കിലോ ഭാരവുമുള്ള കുഞ്ഞൻ റോക്കറ്റാണ് വിക്രം എസ്. വിക്ഷേപണം മുതൽ കടലിൽ പതിക്കുന്നത് വരെ ആകെ അഞ്ച് മിനുട്ട് സമയം മാത്രം ആയുസ്, പരമാവധി 81.5 മീറ്റയർ ഉയരത്തിലേ റോക്കറ്റ് എത്തുകയുമുള്ളൂ. പ്രാരംഭ് എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തെ ഇന്ത്യൻ ബഹിരാകാശ രംഗത്തെ പുതുയുഗാരംഭമായാണ് കണക്കാക്കുന്നത്.