Type to search

125 കിലോമീറ്റർ താണ്ടി പ്രിയ ശിഷ്യന് കരുതലുമായി ഒരു അദ്ധ്യാപിക………. അനീഷ്‌കുമാറിന് സാന്ത്വന ഹസ്തവുമായി മാർ ബേസിൽ സ്കൂളിലെ റിട്ട. സ്റ്റാഫ്‌ അസോസിയേഷൻ

Kerala News

കോതമംഗലം>>> കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ്സ്‌  വിദ്യാർത്ഥിയായ അനീഷ്‌ കുമാറിനെ ഓൺലൈൻ ക്ലാസിൽ  സ്ഥിരമായി കാണുന്നില്ല,  ഇതു ശ്രദ്ധയിൽ പെട്ട ക്ലാസ്സ്‌ ടീച്ചറായ പ്രീതി  അന്വേഷണം ആരംഭിച്ചു. അങ്ങനെ  125 കിലോമീറ്ററുകൾക്കപ്പുറത്തുള്ള പ്രിയ ശിഷ്യനെ  തപ്പി കണ്ടു പിടിക്കാൻ ഏറെ പണിപ്പെടേണ്ടിവന്നു പ്രീതി ടീച്ചർക്ക്.ഓൺലൈൻ ക്ലാസ്സിൽ കാണാത്ത കാര്യം തിരക്കി. കാര്യമറിഞ്ഞപ്പോ അവനോടു തോന്നിയ നീരസമെല്ലാം അലിഞ്ഞ് ഇല്ലാതെയായി.നിർദ്ധന കുടുംബത്തിലെ അംഗമായ അനീഷിന് പഠിക്കാൻ ഓൺലൈൻ സൗകര്യങ്ങളോ, സ്മാർട്ട്‌ ഫോണോ ഇല്ല. ഈ   വിവരം ടീച്ചർ സ്കൂളിൽ അറിയിച്ചു.  വിവരം അറിഞ്ഞ മാർബേസിൽ സ്കൂളിലെ വിരമിച്ച ജീവനക്കാരുടെ സംഘടനായ റിട്ട. സ്റ്റാഫ്‌ അസോസിയേഷൻ   അതിനുള്ള പരിഹാരവുമായി  എത്തി. റിട്ട. സ്റ്റാഫ്‌ അസോസിയേഷൻ വാങ്ങി നൽകിയ വിദ്യാഭ്യാസ കിറ്റുമായി  125ൽ പരം കിലോമീറ്ററുകൾ താണ്ടി പ്രീതി ടീച്ചർ മറയൂർ കോവിൽകടവ് പത്തടിപാലത്തെ അനീഷ്‌ കുമാറിന്റെ വീട്ടിൽ  എത്തി തന്നെ ഏൽപ്പിച്ച ദുത്യം നിർവഹിച്ചു.  തന്നെ കാണാനെത്തിയ ടീച്ചറെ കണ്ടപ്പോൾ ശിഷ്യനും അദ്ഭുതമായി.  മാർ ബേസിൽ സ്കൂളിലെ ഹിന്ദി അധ്യാപികയാണ് പ്രീതി എൻ.കുര്യാക്കോസ്.റിട്ട. സ്റ്റാഫ്‌ അസോസിയേഷൻ വാങ്ങി നൽകിയ   പുതിയസ്മാർട്ട്‌ മൊബൈൽ ഫോൺ, ബാഗ്, നോട്ട് ബുക്ക്‌,പേന,  മാസ്ക്, 500 രൂപ  എന്നിവയടങ്ങിയ വിദ്യാഭ്യാസ കിറ്റ്    ശിഷ്യന് സ്നേഹത്തോടെ കൈമാറി.കാന്തല്ലൂർ പഞ്ചായത്ത് കോവിൽക്കടവ്  പത്തടിപാലം സ്വദേശിയായ അനീഷ്‌   മാർ ബേസിൽ സ്കൂളിന് സമീപത്തുള്ള ഓർഫനേജിൽ താമസിച്ചാണ് പഠിച്ചിരുന്നത്.കൊറോണക്കാലത്ത് ഓൺലൈൻ ക്ലാസിൽ കാണാതായതോടെ സ്കൂളിൽ നൽകിയിരുന്ന ഫോൺ നമ്പറിൽ പ്രീതി ടീച്ചർ വിളിച്ചുനോക്കിയെങ്കിലും കിട്ടിയില്ല.  എങ്കിൽ പിന്നെ കാര്യമെന്തെന്നറിഞ്ഞിട്ടാകട്ടെ എന്ന് ടീച്ചറും. ഇതോടെ 1991-94  ബാച്ചിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ബി. എ. ഹിന്ദിക്കു തന്റെ  സഹപാഠിയായിരുന്ന മറയൂർ പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ എം.എം.ഷമീറിന്റെ സഹായം ടീച്ചർ തേടുകയായിരുന്നു .മറയൂർ കാന്തല്ലൂർ പ്രദേശത്തിന്റെ മുക്കും മൂലയും അറിയാവുന്ന ഷെമീർ  , അനീഷിനെയും അദ്ദേഹത്തിന്റെ  വീട്ടുകാരെയും കണ്ടെത്തിയ വിവരം പ്രീതിയെ അറിയിച്ചു.  തുടർന്ന്  പ്രീതി ടീച്ചർ കുടുംബസമേതം കഴിഞ്ഞ ദിവസം  കാറിൽ മറയൂരിലെത്തി. അഡി. എസ്.ഐ. ഷമീറിന്റെ സഹായത്തോടെ അരുമശിഷ്യന് ഇവയെല്ലാം കൈമാറി.എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങുമെന്ന ഉറപ്പും വാങ്ങിയാണ് പ്രീതി ടീച്ചർ കോതമംഗലത്തേക്ക് മടങ്ങിയത്.  ദശാബ്ദങ്ങൾ മാർ ബേസിൽ സ്കൂളിൽ പഠിപ്പിച്ച് വിരമിച്ച അദ്ധ്യാപകരും, അനധ്യാപകരും ഇപ്പോഴും തങ്ങളുടെ പ്രിയ  വിദ്യാർത്ഥികളെ സ്നേഹിക്കുന്നുണ്ടെന്നും, സീമകളില്ലാതെ അവർ  പഠിച്ചു വളർന്ന് വലിയ ആളാകാനും ആ അധ്യാപകർ ആഗ്രഹിക്കുന്നു എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ സ്നേഹപ്രകടനങ്ങൾ….

മാർബേസിൽ സ്കൂളിലെ വിരമിച്ച ജീവനക്കാരുടെ സംഘടനായ റിട്ട. സ്റ്റാഫ്‌ അസോസിയേഷൻവാങ്ങി നൽകിയ വിദ്യാഭ്യാസ കിറ്റ് പ്രീതി ടീച്ചറിന് കൈമാറുന്നു

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.