ഹൈറേഞ്ചിൽ ആശങ്ക; പാസ്റ്റർക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ പള്ളി വികാരിക്കും കൈകാരനും കോവിഡ്

ന്യൂസ് ഡെസ്ക്ക് - - Leave a Comment

ഇടുക്കി: പീരുമേട്ടിൽ കണ്ടെയ്ൻമെന്‍റ് സോണിൽ ഭവന സന്ദർശനം നടത്തിയ പാസ്റ്റർക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഉപ്പുതറയിൽ പള്ളി വികാരിക്കും കൈക്കാരനും കൂടി കോവിഡ് കണ്ടെത്തി. ഇതോടെ ഹൈറേഞ്ചിൽ വീണ്ടും സ്ഥിതിഗതികൾ മാറി മറിയുകയാണ്. കോവിഡ് ഭീതിയിൽ നിന്നും മുക്തമായെന്ന ആശ്വസത്തിലായിരുന്നു ഉപ്പുതറ പ്രദേശം. എന്നാൽ ഇന്ന് മൂന്നു പേർക്ക് കോവിഡ് കണ്ടെത്തിയതോടെ പ്രദേശത്ത് വീണ്ടും പ്രതിസന്ധി ഉടലെടുത്തതു. 
ഉപ്പുതറയിൽ നേരത്തെ കോവിഡ് സ്ഥിരീകരിച്ച ആശുപത്രി ജീവനക്കാരിയുടെ വീട് വെഞ്ചരിപ്പിനു പോയ പള്ളിവികാരിക്കും സഹായിക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രി ജീവനക്കാരിക്ക് കഴിഞ്ഞ 18നാണ് രോഗം സ്ഥിരീകരിച്ചത്. വൈദികനും സഹായിക്കും സമ്പർക്കത്തിലൂടെ രോഗം പകരുകയായിരുന്നു. ഇതിനിടെ വൈദികനുമായി ബന്ധമുള്ളവരെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് പുളിങ്കട്ടയിലെ ഓട്ടോ ഡ്രൈവർക്കും ഇന്ന് കോവിഡ്  സ്ഥിരീകരിച്ചത്. 
പുളിങ്കട്ടയിലെ മൃഗാശുപത്രി ജീവനക്കാരനുമായുണ്ടായ സമ്പർക്കമാണ് ഓട്ടോ ഡ്രൈവർക്ക് രോഗം ഉണ്ടാകാൻ കാരണം. കഴിഞ്ഞ 13 ന് മൃഗാശുപത്രി ജീവനക്കാരന് രോഗം സ്ഥിരീകരിച്ചിരുന്നു. പല പ്രാവശ്യം ഇയാൾ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്നതായി ആരോഗ്യ പ്രവർത്തകർക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷാ ഡ്രൈവർക്ക് രോഗം കണ്ടെത്തിയത്. അതേസമയം പീരുമേട്ടിൽ കോവിഡ് സ്ഥിരീകരിച്ച പാസ്റ്റർ അറുപതോളം വീടുകളിൽ സന്ദർശനം നടത്തിയതായിട്ടാണ് പ്രാഥമിക വിവരം. ഈ വീട്ടുകാരെ മുഴുവൻ നിരീക്ഷണത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സമ്പർക്ക വ്യാപന സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. ഏലപ്പാറയിലും കോവിഡ് സ്ഥിരീകരിച്ചതോടെ ജാഗ്രത തുടരുകയാണ്. തോട്ടം മേഖല ആയതിനാൽ തന്നെ ആരോഗ്യ വകുപ്പ് ഇവിടെ അതീവ ശ്രദ്ധയിലാണ്. കട്ടപ്പന പ്രദേശത്ത് അനുദിനം കോവിഡ് കേസുകൾ വർധിക്കുന്നതും ഹൈറേഞ്ചിനെ ഭീതിയാലാക്കുകയാണ്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *