ഹണി എന്ന നായ വീണ്ടും താരമായി -; തിരുവാഭരണം മോഷ്ടിച്ചത് മുൻ ശാന്തിക്കാരൻ

ന്യൂസ് ഡെസ്ക്ക് - - Leave a Comment


ഇരിങ്ങാലക്കുട: മണംപിടിച്ച് നിരവധി കേസുകളിൽ പ്രതികളെ പിടികൂടാൻ പോലീസിനെ സഹായിച്ച നായ ഹണി വീണ്ടും താരമായി. മാള സ്റ്റേഷൻ പരിധിയിൽ പുത്തൻചിറ മാണിയംകാവ് ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ കവർന്ന കേസിലെ പ്രതിയെ പിടികൂടാനാണ് ഇത്തവണ ഹണി സഹായിച്ചത്.കേരള പോലീസിന്റെ കെ. നയൻ സ്ക്വാഡിലെ നായയാണ് ഹണി. ഇടശ്ശേരി ജ്വല്ലറി കവർച്ചയും കട്ടൻ ബസാർ കൊലപാതകവുമടക്കം പത്തോളം കേസുകളിൽ പ്രതികളെ കുടുക്കാൻ ഹണി പോലീസിനെ സഹായിച്ചിട്ടുണ്ട്.സി.പി.ഒ.മാരായ റിജേഷ് എം.എഫ്., അനീഷ് പി.ആർ. എന്നിവരാണ് ഹണിയെ കൈകാര്യം ചെയ്യുന്നത്. സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ സുരേഷ് പി.ജി.യുടെ നേതൃത്വത്തിലാണ് പരിശീലനം.
കഴിഞ്ഞദിവസമാണ് ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കേസിൽ മുൻ ശാന്തിക്കാരനായ പുത്തൻചിറ മതിയത്ത് അജിത്തി(20)നെ പോലീസ് പിടികൂടിയത്. മോഷണം നടന്ന സ്ഥലത്ത് നിന്ന് മണംപിടിച്ച പോലീസ് നായ ഹണി റോഡിലൂടെ ഓടി പ്രതിയുടെ വീടിനടുത്താണ് നിന്നത്. തുടർന്ന് മുൻശാന്തിക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ മോഷണത്തിന്റെ ചുരുളഴിയുകയായിരുന്നു.മോഷണശേഷം പ്രതി ആഭരണങ്ങൾ വീട്ടിൽതന്നെയാണ് സൂക്ഷിച്ചിരുന്നത്. പിന്നീട് പോലീസ് പിടികൂടുമെന്നായപ്പോൾ ആഭരണങ്ങൾ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.
ശാന്തിക്കാരൻ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് ശ്രീകോവിൽ തുറന്നായിരുന്നു മോഷണം. മോഷണശേഷം താക്കോൽ അതേപടി കൊണ്ടുചെന്ന് വെയ്ക്കുകയും ചെയ്തിരുന്നു. നേരത്തെ പണം കവർന്ന സംഭവവുമായി ബന്ധപ്പെട്ടാണ് ഇയാളെ ശാന്തിപ്പണിയിൽ നിന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞുവിട്ടത്.അഡീഷണൽ എസ്.ഐ. ഫ്രാൻസിസ്, എ.എസ്.ഐ. സുധാകരൻ, തോമസ്, മിഥുൻ ആർ. കൃഷ്ണ, ഷാലി എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *