കൊച്ചി: ശിവശങ്കർ സ്വർണക്കടത്ത് സംഘവുവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ചോദ്യം ചെയ്യലിൽ എൻ.ഐ.എയ്ക്ക് മുന്നിൽ വെളിപ്പെടുത്തിയതായിവിവരം. സ്വപ്നയടക്കമുള്ളവർ തന്നെ ചതിയിൽപെടുത്തുകയായിരുന്നുവെന്നതടക്കമുള്ള കാര്യങ്ങളാണ് ശിവശങ്കർ എൻ.ഐ.എയോട് വെളിപ്പെടുത്തിയത്.എന്നാൽ ഇക്കാര്യം മുഴുവനായി അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ശിവശങ്കറിന്‍റെ മൊഴികൾ പരിശോധിച്ച ശേഷം സ്വപ്‌ന, സന്ദീപ്, സരിത്ത് എന്നിവരെ വീണ്ടും ചോദ്യം ചെയ്യും.
സ്വപ്‌നയുടെ കുടുംബവുമായി ശിവശങ്കറിനുള്ള ബന്ധം മുതലെടുക്കാൻ മുഖ്യപ്രതി റമീസാണ് തന്ത്രം മെനഞ്ഞത്. തുടർന്ന് സ്വപ്‌നയുടെ വീട്ടിൽ ഒരുക്കിയ പാർട്ടിക്കിടെ ശിവശങ്കറിനു മദ്യത്തിൽ ലഹരി കലർത്തി നൽകിയെന്ന വിവരവും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. പാർട്ടികളിലൂടെ ശിവശങ്കറുമായി ബന്ധം സ്ഥാപിക്കാനായിരുന്നു സരിത്തിന്‍റെയും സന്ദീപിന്‍റെയും നീക്കം.
ഇതിൽ സംഘം വിജയിക്കുകയും ചെയ്‌തു. എന്നാൽ പാർട്ടിക്കിടെ നടന്ന പല കാര്യങ്ങളും ശിവശങ്കറിന് ഓർത്തെടുക്കാൻ കഴിയുന്നില്ല. മദ്യത്തിൽ ലഹരി മരുന്ന് കലർത്തിയതിനാലാണ് ഇതെന്ന നിഗമനവും ഉണ്ട്. കുടുംബവുമായി മാറി ഫ്ലാറ്റിൽ താമസിക്കാനിടയായ സാഹചര്യം സംബന്ധിച്ചും ശിവശങ്കർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഇക്കാര്യങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിക്കും.