ഏബിൾ. സി. അലക്സ്
കേരളത്തിന്റെ കരുതലിൽ ആസാമിസ് യുവതി ജന്മം നൽകിയ കുഞ്ഞു മുനീർ ഇന്ന് പീസ് വാലിയിൽ നിന്ന് മടങ്ങി. ഇന്ന് രാവേറെ അവൻ ഉറങ്ങാതിരിക്കും..അവന്റെ
ചേച്ചി ആറു വയസ്സുകാരി അഗലീനയുടെ പതിവായുള്ള സമാധാനിപ്പിക്കൽ പോരാതെ വരും ഇന്നവന്….കാരണം
അവനുറങ്ങുവോളം ഉറങ്ങാതിരിക്കാൻ പീസ് വാലിയിലെ ആയമാരോ,
നഴ്സുമാരോ ഇനിയില്ല അവനു കൂട്ടായി.
രാത്രിയിൽ കുറുക്ക് ഉണ്ടാക്കാൻ കെറ്റിലുമായി ഓടി വരാൻ അവന്റെ പ്രിയ അസ്‌ലമിക്കയുമില്ല… എങ്കിലും കരുതലിന്റെ അദൃശ്യ കരങ്ങൾ അവരോടൊപ്പം എന്നുമുണ്ടാകും.
ഭർത്താവ് ഉപേക്ഷിച്ച നിലയിൽ
ലോക്ക്ഡൌൺ കാലത്ത് പെരുമ്പാവൂർ മുടിക്കലിൽ ഒറ്റമുറി വാടക വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന്
കോതമംഗലം പീസ് വാലിയിൽ അഭയം നൽകിയ
ആസാം യുവതിയും നവജാത ശിശുവും അഞ്ചു വയസ്സുള്ള പെൺകുട്ടിയും ബന്ധുക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങി.
അഞ്ചു വയസുകാരി മകൾക്കൊപ്പം കഴിഞ്ഞിരുന്ന ഒറ്റമുറി വാടകവീട്ടിൽ ഈ കഴിഞ്ഞ മാർച്ച് 26 ന് പുലർച്ചെയാണ് മണിരാൻ നെസ്സ എന്ന ആസാം സ്വദേശിനി ആൺകുഞ്ഞിന് ജന്മം നൽകിയത്.
പ്രസവത്തെ തുടർന്നു അമിത രക്തസ്രാവം ഉണ്ടാവുകയും അബോധാവസ്ഥയിൽ ആവുകയും ചെയ്തതിനെ തുടർന്നു പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ ചോരകുഞ്ഞിനെയും അമ്മയെയും എറണാകുളം ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചു ജീവൻ രക്ഷിക്കുകയായിരുന്നു.
തിരികെ മുടിക്കലിൽ എത്തിയെങ്കിലും നവജാത ശിശുവിനാവശ്യമായ പോഷകാഹാരങ്ങളോ, പരിചരണമോ ലഭിക്കാതെ കുഞ്ഞിന്റെയും യുവതിയുടെയും ആരോഗ്യം മോശമായി വന്ന സാഹചര്യത്തിൽ പരിചരണവും സംരക്ഷണവും ലഭ്യമാക്കാൻ ഉദ്ദേശിച്ചു വാഴക്കുളം പഞ്ചായത്ത് അധികൃതർ കോതമംഗലം പീസ് വാലിയുമായി ബന്ധപ്പെടുകയായിരുന്നു.
ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു ബംഗാളിലേക്ക് പോയിരുന്നു.
ബന്ധുക്കളെ കണ്ടെത്താനായി
പീസ് വാലി നടത്തിയ ഊർജിതമായ ശ്രമങ്ങളുടെ ഫലമായി
യുവതിയുടെ നാട്ടിൽ വിവരം അറിയിക്കുകയും
തുടർന്ന് ബന്ധുക്കൾ പീസ് വാലിയിൽ എത്തുകയും ചെയ്തു. ഇതിനെ തുടർന്നാണ് യുവതിക്കും മക്കൾക്കും നാട്ടിലേക്കുള്ള വഴി തെളിഞ്ഞത്.
പെരുമ്പാവൂർ പോലിസ് മുൻപാകെ യുവതിയെയും ബന്ധുക്കളെയും എത്തിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് യുവതിയെയും മക്കളെയും ബന്ധുക്കളോടൊപ്പം യാത്രയാക്കി. കേരളത്തിന്റെ കരുതലിൽ ജന്മം കൊണ്ടമുനീറിനുനൻമ പൂക്കുന്നതാഴ്‌വരയിലെ
നൂറുകണക്കിന് പേരുടെ പ്രാർത്ഥന ഒപ്പമുണ്ടാകും.