ആലുവ>>>കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷിനെ സാഹസികമായി പിടികൂടിയ പുത്തൻകുരിശ് പോലിസ് സ്റ്റേഷനിലെ മൂന്ന് പോലിസ് ഉദ്യോഗസ്ഥരെ ക്യാഷ് റിവാർഡ് നൽകി ആദരിച്ചു. എസ്.ഐ ഹരിപ്രസാദ് കെ.എസ്, സിവിൽ പോലിസ് ഉദ്യോഗസ്ഥരായ സുധിഷ് ഏ.എസ്, രാഹുൽ വാസു എന്നിവർക്കാണ് പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി റിവാർഡ് നൽകിയതെന്ന് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് ഐ.പി.എസ്. പറഞ്ഞു. കളമശേരി മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിൽ നിന്ന് രക്ഷപ്പെട്ട സുരേഷിനെ കോലഞ്ചേരിയിലെ കോളേജിന് സമീപമുള്ള കനാൽ ബണ്ട് റോഡിൽ നിന്നാണ് പിടികൂടിയത്. ഇയാൾ ഈ ഭാഗത്ത് ഉണ്ടെന്ന് വിവരം കിട്ടിയതിനെ തുടർന്ന് പോലിസെത്തുകയായിരുന്നു. പോലിസിനെക്കണ്ട സുരേഷ് മാസ്ക്ക് ഊരി പോലിസുകാർക്ക് നേരെ തുപ്പി രക്ഷപ്പെടാൻ ശ്രമിച്ചു. കോവിഡ് അവഗണിച്ച് അര മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് ഇയാളെ പിടികൂടാൻ സാധിച്ചത്. 20 ഓളം മോഷണകേസിലെ പ്രതിയാണ് സുരേഷ്.