സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ക്ക് ശുപാര്‍ശ; തീരുമാനം ഇന്ന്

web-desk -

തിരുവനന്തപുരം>>> ആഴ്ചയില്‍ ആറ് ദിവസം കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നും ശുപാര്‍ശ
സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ തുടരുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. ലോക്ഡൗണില്‍ ഇളവുകള്‍ വേണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കണം. ആഴ്ചയില്‍ ആറ് ദിവസം എല്ലാ കടകളും തുറക്കാന്‍ അനുമതി നല്‍കണം തുടങ്ങിയവയാണ് പ്രധാന ശുപാര്‍ശകള്‍. വൈകിട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും.

ടിപിആര്‍ അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. രോഗവ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചുള്ള ബദല്‍ നടപടിയാണ് ആലോചിക്കുന്നത്. നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയ്മെന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം.

അതേസമയം, കോവിഡ് മൂന്നാം തരംഗം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കണക്കിലെടുക്കുമ്പോള്‍ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ടിപിആര്‍ പത്ത് ശതമാനത്തില്‍ താഴാതെ ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.