സംസ്ഥാനത്ത് കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരിക്കുന്ന ഓഡിറ്റോറിയങ്ങള്‍ വ്യവസ്ഥകളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി. കോവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സ്കൂളുകള്‍ തുറക്കാവുന്ന സാഹചര്യത്തിലേക്കെത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇളവുകള്‍ കൂടുന്നത് രോഗവ്യാപനം വര്‍ദ്ധിക്കുന്നതിന് കാരണമാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. സമ്പൂര്‍ണ ലോക്ഡൗണില്‍ നിന്നും രാജ്യം ഘട്ടം ഘട്ടമായി പൂര്‍ണ സജീവതയിലേക്ക് വരികയാണ്.
ഇപ്പോള്‍ സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനങ്ങള്‍ പഴയതോതില്‍ ആരംഭിച്ചിട്ടില്ല. ഓടുന്ന വാഹനങ്ങളിലാകട്ടെ മിക്കതിലും യാത്രക്കാർ വളരെ കുറവാണ്. വരും ദിവസങ്ങളില്‍ ആ സ്ഥിതി മാറി എല്ലാ വാഹനങ്ങളും ഓടിത്തുടങ്ങുകയും അടച്ചിട്ട സ്ഥാപനങ്ങള്‍ തുറക്കുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ ഇന്നുള്ളതിനേക്കാള്‍ രോഗ വ്യാപന തോത് വര്‍ദ്ധിക്കാൻ കാരണമാകും. ഇപ്പോൾ ഓരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.