ശബരിമല വിഷയത്തിലെ വേട്ടയാടലിന് സമാനം,​ സുരേന്ദ്രനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിന് പിന്നില്‍ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പ്രതികരിച്ചതിനെന്ന് ബി.ജെ.പി

web-desk -

തിരുവനന്തപുരം >>> കൊടകര കള്ളപ്പണക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കെ സുരേന്ദ്രനെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് ബി.ജെ.പി. ഒരു രാഷ്ട്രീയ നേതാവിനോട് ഒരു ഭരണകൂടവും ചെയ്യാത്തത്ര ക്രൂരതയാണ് കെ.സുരേന്ദ്രനോട് സര്‍ക്കാര്‍ ചെയ്തത്. ജനപിന്തുണയും ശക്തമായ സംഘടനയുടെ പിന്‍ബലവുമുള്ള കരുത്തനായ അമരക്കാരനാണ് സുരേന്ദ്രനെന്നും ഈ പോരാട്ടത്തില്‍ സുരേന്ദ്രന്‍ ഒരിക്കലും തോല്‍ക്കാന്‍ പാടില്ലെന്നും ബിജെപി പ്രസ്താവനയില്‍ വ്യക്തമാക്കി.

ആത്മാര്‍ത്ഥമായ ഇടപെടലുകളും സമരസപ്പെടാത്ത സമരവീര്യവും കൊണ്ടാണ് കെ.സുരേന്ദ്രന്‍ രാഷ്ട്രീയ കേരളത്തില്‍ തന്റെതായ ഇരിപ്പിടമുണ്ടാക്കിയത്. ഈയൊരു ഒറ്റ കാരണം കൊണ്ടാണ് സിപിഎമ്മും അവരുടെ സര്‍ക്കാരും ബിജെപി അദ്ധ്യക്ഷനെ വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് ബി.ജെ,​പി ആരോപിച്ചു. ഇതിന് മുമ്ബ് ശബരിമല പ്രക്ഷോഭകാലത്താണ് ഇത്തരത്തിലുള്ള ഒരു വേട്ട സുരേന്ദ്രനെതിരെ പിണറായി സര്‍ക്കാര്‍ നടത്തിയത്. അന്ന് എല്ലാ ബി.ജെ.പി നേതാക്കളെയും വേട്ടയാടിയ പിണറായി സര്‍ക്കാര്‍ സുരേന്ദ്രനെ മാത്രം ജയിലിലടച്ചത് അദ്ദേഹത്തോടുള്ള ഭയം കൊണ്ടു കൂടിയാണന്ന് വ്യക്തം.