ശക്തമായ കാറ്റ്: രാമക്കല്‍മേട്ടില്‍ സോളാര്‍ പ്ലാന്റിലെ പാനലുകള്‍ വനത്തിലേക്ക് പറന്നുപോയി

ന്യൂസ് ഡെസ്ക്ക് - - Leave a Comment

നെടുംകണ്ടം>>> രാമക്കല്‍മേട്ടില്‍ സൗരോര്‍ജ പവര്‍ പ്ലാന്റിലെ നിരവധി സോളാര്‍ പാനലുകള്‍ ശക്തമായ കാറ്റില്‍ നശിച്ചു. കോടികള്‍ മുടക്കിയ വൈദ്യുതി പദ്ധതിയിലെ സോളാര്‍ പാനലുകളാണ് കാറ്റില്‍ തമിഴ്‌നാട്ടിലെ വനമേഖലയിലേക്ക് പറന്നുപോയത്. പദ്ധതി പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു.
നെടുങ്കണ്ടത്തിനു സമീപം രാമക്കല്‍മേട് ആമപ്പാറ മലനിരകളിലാണ് പുതിയ പദ്ധതിക്ക് അനര്‍ട്ട് തുടക്കം കുറിച്ചത്. എന്നാല്‍ നിര്‍മാണം ആരംഭിച്ച് അറുപത് ശതമാനം പൂര്‍ത്തിയായതോടെ അധികൃതര്‍ ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയായി. ആദ്യഘട്ടത്തില്‍ ഒരു മെഗാവാട്ടും പിന്നീട് മൂന്ന് മെഗാവാട്ടും വൈദ്യുതി ഉല്‍പാദിപ്പിക്കാനായിരുന്നു പദ്ധതി.
ആരും ശ്രദ്ധിക്കാനില്ലാതായതോടെ ഇവിടം മദ്യപസംഘങ്ങളുടെ പിടിയിലായി. കുറച്ചുമാസം മുന്‍പ് ഇവിടുള്ള സോളാര്‍ പാനലുകളില്‍ ചിലത്‌ കല്ലുകൊണ്ട് ഇടിച്ച് നശിപ്പിച്ചിരുന്നു.
ഇതിനിടെയാണ് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ നിരവധി സോളാര്‍ പാനലുകള്‍ തമിഴ്‌നാട്ടിലെ വനമേഖലയിലേക്ക് പറന്നു പോയത്. കുറച്ച് പാനലുകള്‍ വനത്തില്‍നിന്ന് തിരിച്ച് എത്തിച്ചുവെങ്കിലും ഇവ ഒരു ഭാഗത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ശക്തമായ കാറ്റടിക്കുന്ന പ്രദേശത്ത് സോളാര്‍ പാനലുകള്‍ പറന്നുപോകാന്‍ കാരണം നിര്‍മാണത്തിലെ അശാസ്ത്രീയത ആണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
അമ്പതിലധികം വരുന്ന പാനലുകള്‍ പറന്നുപോയതായും പ്രദേശവാസികള്‍ പറയുന്നു. അതേസമയം പറന്നുപോയ പാനലുകള്‍ക്ക്‌ പകരം പുതിയവ സ്ഥാപിക്കുമെന്നാണ് അനര്‍ട്ട് അധികൃതര്‍ പറയുന്നത്. ഇന്‍ഷുറന്‍സ് തുക ലഭിക്കുന്ന മുറയ്ക്ക്‌ പദ്ധതി പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ഓണ്‍ലൈനില്‍ ചേര്‍ന്നു. സൗരോര്‍ജത്തില്‍നിന്നും കാറ്റില്‍നിന്നും ഒരേസമയം വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനായി കണ്ടെത്തിയ കേരളത്തിലെ ഏക പ്രദേശമാണ് ഇടുക്കി ജില്ലയിലെ രാമക്കല്‍മേട്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *