ഏബിൾ.സി.അലക്സ്
പ്രകൃതിയുടെ വികൃതിയില്‍ തന്‍റെ കുസൃതി കാണിച്ചു ഡാവിഞ്ചി സുരേഷ്. ഇത്തവണ അദ്ദേഹത്തിന്റെ പരീക്ഷണം വേരുകളിൽ ആയിരുന്നു. വലപ്പാട് ഹൈസ്കൂള്‍ ഗ്രൌണ്ടിന് തെക്കുവശമുള്ള ഗുരുദേവ മണിചേട്ടന്റെ വീടിന് മുന്‍പിലുള്ള ചായക്കടയുടെ ഭിത്തിയിലാണ് ഉണങ്ങിയ വേരുകള്‍ നിറഞ്ഞിരിക്കുന്നത്.ആ വേരുകളിൽ ആണ് ഡാവിഞ്ചി മനോഹര ചിത്രം ഒരുക്കിയത്. നൂറു മീഡിയങ്ങള്‍ ലക്ഷ്യമാക്കിയുള്ള സുരേഷിന്റെ യാത്രയില്‍ അറുപത്തിനാലാമത്തെ മാധ്യമമായി റൂട്ട്ആര്‍ട്ടു സ്ഥാനം പിടിച്ചു. വേരുകളിലെ ചിത്രത്തിനാവശ്യമായ ഭാഗങ്ങള്‍ നില നിര്‍ത്തുകയും ബാക്കിയുള്ള ഭാഗങ്ങളില്‍ പെയിന്‍റ് ചെയ്യുകയും ചെയ്തു കൊണ്ട് വെള്ളം കുടിക്കുന്ന പുലിയുടെയും കുതിരയുടെയും തലയാണ് വേരുകളില്‍ തെളിയിച്ചത്. പതിനഞ്ചടി വീതിയും പത്തടി ഉയരവുമുള്ള ഭിത്തിയില്‍ മൂന്നു മണിക്കൂര്‍ കൊണ്ടാണ് ഡാവിഞ്ചി സുരേഷ് ഈ ചിത്രം സാധ്യമാക്കിയെടുത്തത്.
