‘വീഴ്ചപറ്റി; അനാവശ്യ വിവാദങ്ങളുണ്ടാക്കി;’ ബിജെപിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്‌എസ്

സ്വന്തം ലേഖകൻ -

കൊച്ചി>>> സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം അടക്കമുള്ള വിഷയങ്ങളില്‍ ബിജെപി കേരള ഘടകത്തിനെതിരെ ആര്‍എസ്‌എസ് അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. ബിജെപിയിലെ സംഘടനാവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന ആര്‍എസ്‌എസ് – ബിജെപി നേതൃയോഗത്തില്‍ ബിജെപിക്കെതിരെ ആര്‍എസ്‌എസ് കടുത്ത വിമര്‍ശനമുന്നയിച്ചതായാണ് വിവരം.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലുണ്ടായ പാളിച്ചകള്‍ക്കടക്കം കാരണം പാര്‍ട്ടി സംസ്ഥാന ഘടകത്തിന് കടുത്ത വീഴ്ച പറ്റിയതാണെന്ന് ആര്‍എസ്‌എസ് അഭിപ്രായപ്പെട്ടതായി ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏകോപനം പാളിയെന്ന് യോഗത്തില്‍ വിലയിരുത്തി.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനാവശ്യ വിവാദമുണ്ടാക്കിയതിനെതിരെ ആര്‍എസ്‌എസ് അതൃപ്തി പ്രകടിപ്പിച്ചു. മൂന്ന് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോയതും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വന്ന വിവാദങ്ങളും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിച്ചതായാണ് യോഗത്തില്‍ വിലയിരുത്തിയതെന്നാണ് വിവരം.

പാര്‍ട്ടിയുമായി ബന്ധപ്പെട്ട സമീപ കാല വിവാദങ്ങളിലും ആര്‍എസ്‌എസ് അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം. കൊടകര കുഴല്‍പ്പണക്കേസ്, സി കെ ജാനുവിന് കെ സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന പ്രസീത അഴീക്കോടിന്റെ വാദം തുടങ്ങിയ വിഷയങ്ങള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് ആര്‍എസ്‌എസ്-ബിജെപി നേതൃയോഗം വിളിച്ച്‌ ചേര്‍ത്തത്.

ബിജെപിയില്‍ ഗ്രൂപ്പിസം പ്രശ്നമുണ്ടാക്കിയതായി ആര്‍എസ്‌എസ് നേതാക്കള്‍ നേതൃയോഗത്തില്‍ വിമര്‍ശനമുന്നയിച്ചതായാണ് സൂചന. ബിജെപി നേതാക്കളുടെ വ്യക്തി കേന്ദ്രീകൃത നിലപാട് പാര്‍ട്ടിക്ക് പ്രതിസന്ധി സൃഷ്ടിച്ചതായും വിമര്‍ശനമുയര്‍ന്നു. ബിജെപി നേതാക്കളുടെ വിവാദ പരാമര്‍ശങ്ങളും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →