ദീപേഷ് മൂവാറ്റുപുഴ
മുവാറ്റുപുഴ >>> ചെറുപ്പത്തിലെ പഠിച്ച കുലത്തൊഴിലാണ് എഴുപതാം വയസിലും അയ്യപ്പന് അന്നത്തിനുള്ള വഴിയൊരുക്കുന്നത്.വാർദ്ദക്യത്തിന്റെ അവശതകൾക്കിടയിലും അയ്യപ്പൻ കൊട്ടയും, മുറവും നെയ്യുകയാണ്. വലിയ ആവശ്യക്കാരൊന്നുമില്ലങ്കിലും ആരെങ്കിലുമൊക്കെ വാങ്ങിയാലായി.മൂവാറ്റുപുഴ രണ്ടാർ പാടത്തിൽ അയ്യപ്പനെന്ന വയോധികൻ ഇന്നും പഠിച്ച കൈ തൊഴിൽ കൈവിട്ടിട്ടില്ല. ഈറ്റ വെട്ടി കുട്ടയും വട്ടിയും നെയ്ത് ഉപജീവനം നടത്തിയിരുന്ന രണ്ടാർകരയിലെ 60ഓളം കുടുംബങ്ങൾ തൊഴിൽ ഉപേക്ഷിച്ചു. ഇപ്പോഴും കുലതൊഴിലിൽ നിന്നു പിന്മാറാതെ കുട്ട നെയ്യുന്നത് അയ്യപ്പൻ മാത്രം.
രാവിലെ തന്നെ ആരംഭിക്കുന്ന കുട്ട, മുറം നെയ്ത്ത് വൈകിട്ടു വരെ തുടരും.അരനൂറ്റാണ്ട് മുമ്പത്തെപൊയ് പോയ കാർഷിക സമൃദ്ധിയുടെ കാലത്ത് പനമ്പു നെയ്ത്തിലൂടെയാണ് അയ്യപ്പന് ഈ രംഗത്തേക്ക് വന്നത്. അച്ചനും അമ്മയ്ക്കുമൊപ്പം പനമ്പും, മുറവും, കുട്ടയും അനേകം നെയ്തു. അക്കാലത്ത് പനമ്പിനും കുട്ടയ്ക്കും മുറത്തിനും ആവശ്യക്കാരേറെയാ യിരുന്നു. നെല്ലുണക്കാനും ,കോരാനും, പാറ്റാനും ഇവ മൂന്നും ആവശ്യമായിരുന്നു.കാലം മാറി നെൽകൃഷി തന്നെ അന്യം നിന്നുപോയ ഈ കാലത്ത് ഇതിനൊന്നും ആവശ്യക്കാരില്ല. ഈറ്റ കൊണ്ടുള്ള മുറംവാങ്ങുന്നതു തന്നെ പഴയ തലമുറയിൽ പെട്ടവരാണ്. പുതു തലമുറക്ക് പ്ലാസ്റ്റിക് മുറം മതി. എങ്കിലും പഠിച്ച തൊഴിൽ തുടരുകയാണ്.പുതുതായി ആരും പരമ്പരാഗതമായ ഈ തൊഴിൽ രംഗത്തേക്ക് വരുന്നില്ല. നമ്മുടെ കാലം വരെ ഇത് തുടരാനാണ് അവശതകൾക്കിടയിലും അയ്യപ്പന്റെ ആഗ്രഹം. പിന്നെ ഈറ്റ യുടെ വില വർദ്ദനവും, ഈറ്റ കിട്ടാനില്ലാത്തതും തൊഴിലിനെ ബാധിക്കുന്നുണ്ട്. എട്ട് തണ്ടുള്ള ഒരു ഈറ്റക്ക് 20 രൂപയാണ് വില.ഈ വിലക്ക് ഈറ്റ വാങ്ങി ഉൽപ്പന്നങ്ങൾ നിർമ്മിച്ചാൽ ഒന്നും കിട്ടില്ലന്നും അയ്യപ്പൻ പറയുന്നു.
അയ്യപ്പൻ കുട്ടനെയ്ത്തിൽ