വാട്സ്‌ആപ്പിന് ബദല്‍: ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പും; ‘സന്ദേശ്’ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

web-desk -

ന്യൂദല്‍ഹി>>>  വാട്‌സ്‌ആപ്പിന് ബദലായി സന്ദേശ് എന്ന പേരില്‍ പുതിയ ആപ്പ് പുറത്തിറക്കി. ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും ഇതിലുണ്ട്. ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ് ‘സന്ദേശ്’. കേന്ദ്ര സ്ഥാപനമായ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് ഇത് നിര്‍മ്മിച്ചത്. മൊബൈല്‍ നമ്ബര്‍ അല്ലെങ്കില്‍ ഇമെയില്‍ ഐഡി ഉപയോഗിച്ച്‌ എല്ലാത്തരം ആശയവിനിമയങ്ങള്‍ക്കും ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാരുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും സന്ദേശ് ആപ്പ് പ്രയോജനപ്പെടുത്താം.

ഉപയോക്താക്കളുടെ രഹസ്യങ്ങള്‍ ചോരില്ലെന്നും സന്ദേശ് സുരക്ഷിതമായിരിക്കുമെന്നും ഇലക്‌ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ലോക്‌സഭയില്‍ പറഞ്ഞു. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനും ഉള്‍പ്പെടുത്തിയാണ് സന്ദേശ് അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിന്റെ പൂര്‍ണ്ണ നിയന്ത്രണം കേന്ദ്രസര്‍ക്കാരില്‍ അധിഷ്ഠിതമായിരിക്കും. വണ്‍-ടു-വണ്‍ മെസേജിങ്, ഗ്രൂപ്പ് മെസേജിങ് തുടങ്ങിയവയും ഈ ആപ്പില്‍ ലഭ്യമാണ്.