പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധങ്ങള്‍ക്കിടെ മന്ത്രി കെ.ടി. ജലീല്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ എത്തി. വഴിയിലുടനീളം യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചു. രണ്ടിടങ്ങളില്‍ മന്ത്രിയുടെ വാഹനത്തിന് നേരെ ചീമുട്ടയെറിഞ്ഞു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ചോദ്യം ചെയ്യലിനു ശേഷം വളാഞ്ചേരിയിലെ വീട്ടില്‍ രണ്ടു ദിവസം കഴിഞ്ഞ കെ.ടി. ജലീല്‍ നാലുമണിയോടെയാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. മന്ത്രിയുടെ വീടിന്റെ ഗേറ്റിന് മുന്നില്‍ നിന്നു തുടങ്ങി പ്രതിഷേധങ്ങള്‍. മലപ്പുറത്തും, തൃശൂരും, എറണാകുളത്തും വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിന് നേരെ ചീമുട്ടയെറിഞ്ഞു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി