പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരസഭയിലെ വല്ലം റയോണ്‍പുരത്ത് യുവാവിന് കോവിഡ് 19 പോസിറ്റീവ് സ്ഥിതീകരിച്ചു. . ഒരാഴ്ച്ച മുമ്പ് പനി ബാധിച്ചതിനനെത്തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിതീകരിച്ചത്. 33 വയസുകാരനായ യുവാവ് പ്ലൈവുഡ് കച്ചവടം നടത്തുന്നയാളാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് 19 ബാധിതമേഖലയില്‍ നിന്നും ഒറ്റപ്പെട്ട് നിന്ന പെരുമ്പാവൂരിലും ശക്തമായ ജാഗ്രത നിര്‍ദ്ദേശം നല്‍കാന്‍ നീക്കമുണ്ട്. ഇയാള്‍ ബിസിനസ് ആവശ്യവും അല്ലാതെയുമായി വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇയാളുടെ സമ്പര്‍ക്കപ്പട്ടികയും ഉടന്‍ തയ്യാറാക്കും. പെരുമ്പാവൂരിന്റെ പരിസരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട രീതിയില്‍ ചിലര്‍ക്ക് കോവിഡ് ബാധ കണ്ടെത്തിയെങ്കിലും നിയന്ത്രണവിധേയമായിരുന്നു. എന്നാല്‍ ജനബാഹുല്യമേഖലകളിലേക്കും രോഗം എത്തപ്പെടുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്നാണ് ആരോഗ്യവിഭാഗവും ഭരണകൂടവും കരുതുന്നത്. അതിര്‍ത്തി പട്ടണമായ ആലുവ ഉള്‍പ്പെടെയുളള ഭാഗങ്ങളില്‍ കൊറോണ രോഗം ആശങ്കയുളവാക്കുന്ന രീതിയില്‍ പെരുകുന്നതും ജനങ്ങള്‍ കാര്യമായെടുക്കാത്തതും വരും നാളുകളില്‍ ജനജീവിതത്തെ ബാധിച്ചേക്കും. ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ ഉള്‍പ്പെടെയുളളവര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖല കൂടിയാണ് വല്ലം.വിവിധ വകുപ്പുകളുടെ ആവര്‍ത്തിച്ചുളള മുന്നറിയിപ്പുകള്‍ അവഗണിച്ച് പെരുമ്പാവൂര്‍ പട്ടണത്തില്‍ ദിവസവും ആളുകള്‍ പതിവു പോലെ വിഹരിക്കുകയാണ്. ഇത് സ്ഥിതിഗതികൾ കൂടുതൽ സങ്കിർണ്ണമാക്കും.
