ലോണിൻ്റെ മറവിൽ ഒൺലൈൻ തട്ടിപ്പ്

സ്വന്തം ലേഖകൻ - - Leave a Comment

ആലുവ>>> അധാർകാർഡും, പാൻ കാർഡും, രണ്ടു ഫോട്ടോയുമുണ്ടോ, നിങ്ങൾക്ക് ഇരുപതുലക്ഷം രൂപ വരെ ഒൺലൈൻ വഴി ലോൺ കിട്ടും…. ഇങ്ങനെ ഒരു മെസേജ് വന്നാൽ ഒരുവട്ടം കൂടി ആലോചിക്കുക… പെട്ടു പോയാൽ കയ്യിലുള്ളതും കൂടി അവർ കൊണ്ടു പോകും. ഓർമിപ്പിക്കുന്നത് എറണാകുളം റൂറൽ ജില്ലാ പോലീസ്. കോവിഡ് കാലത്ത് നടന്നുകൊണ്ടിരിക്കുന്ന ഒൺലൈൻ തട്ടിപ്പുകളിലൊന്നാണിത്. ഇതുവരെ നേരിൽ പോലും കാണാത്ത സംഘങ്ങളാണ് ഒരു പരിജയവുമില്ലാത്ത നിങ്ങൾക്ക് ലക്ഷങ്ങളുടെ ലോൺ വാഗ്ദാനവുമായ് എത്തുന്നത്. ഇത്തരം സംഘങ്ങളുമായി വാട്സാപ്പിലൂടെയോ മെയിൽ വഴിയോ ബന്ധപ്പെട്ടാൽ ലോൺ ലഭിക്കുവാൻ യോഗ്യനാണോ എന്നറിയാൻ  ഫോട്ടോയും തിരിച്ചൽ കാർഡും രണ്ട് ഫോട്ടോയുമാണ് ഇവർ ആവശ്യപ്പെടുന്നത്. അയച്ചുകഴിഞ്ഞാൽ  താമസിയാതെ ലോണിന് നിങ്ങൾ അർഹരാണെന്നും പ്രോസസിംഗ് ഫീസായി ഒരു തുക അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടും ഉടൻ മെസേജ് വരും. പണം അടച്ചു കഴിഞ്ഞാൽ ലോൺ അപ്രൂവായി എന്ന അഭിനന്ദന സന്ദേശവും എത്തും. പിന്നീട് ലോൺ ലഭിക്കുന്നതിന് ഓരോ കാരണം പറഞ്ഞ് ഘട്ടം ഘട്ടമായി വലിയൊരു തുക കൈക്കലാക്കുകയാണ് ഇവരുടെ രീതി. ഈ അടയ്ക്കുന്ന തുകയെല്ലാം തിരിച്ച് ലഭിക്കുമെന്ന് സംഘം ഉറപ്പു നൽകുകയും ചെയ്യും. ഇങ്ങനെ ലക്ഷങ്ങൾ പോയവർ നിരവധിയാണ്. ജില്ലയിൽ അമ്പതിനായിരം രൂപയുടെ ലോൺ ലഭിക്കുന്നതിന് ഒരു ലക്ഷത്തോളം രൂപ അടച്ചയാളും ഉണ്ട്.പ്രമുഖ ലോൺ ദാതാക്കളുടെ പേരിൽ വ്യാജ വെബ് സൈറ്റ് ഉണ്ടാക്കി പണം തട്ടുന്നവരും നിരവധിയാണ്. ഇതര സംസ്ഥാനങ്ങളിലാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്. കൃത്യമായ വിലാസമോ, ഓഫിസോ അനുബന്ധ വിവരങ്ങളോ ഇല്ലാത്തതുകൊണ്ട് ഇവരെ കണ്ടെത്താനോ ഇവരിലേക്കെത്തുവാനോ എളുപ്പമല്ല. കോവിഡ് കാലത്ത് പണത്തിന് അത്യാശ്യമുള്ളതിനാൽ ഒൺലൈൻ ലോൺ ലഭിക്കുന്ന സൈറ്റുകൾ പരതി അവരുടെ കെണിയിൽ പെട്ടുപോകുന്നവർ ഒരുപാടു പേരുണ്ട്. ഒരു പരിജയവും ഇല്ലാത്ത ഒരു സംഘം ഒരു രേഖയുമില്ലാതെ ലോൺ തരാമെന്നു പറഞ്ഞ് വരുമ്പോൾ അവരുടെ ചതിയിൽ പെട്ട് പണം കളയരുതെന്ന് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് മുന്നറിയിപ്പു നൽകി.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *