ലോക്ക്ഡൗണ്‍ ഇളവ്: ഇന്നു മുതല്‍ കെഎസ്‌ആര്‍ടിസിയും ജലഗതാഗത വകുപ്പ് ബോട്ടുകളും പരിമിത സര്‍വിസുകള്‍ നടത്തും

സ്വന്തം ലേഖകൻ -

തിരുവനന്തപുരം>>> സംസ്ഥാനത്ത് ഇന്നു മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച സാഹചര്യത്തില്‍ യാത്രക്കാരുടെ ആവശ്യാനുസരണം കെഎസ്‌ആര്‍ടിസി പരിമിതമായ സര്‍വിസുകള്‍ നടത്തും. ജലഗതാഗത വകുപ്പ് ബോട്ടുകള്‍ 50 ശതമാനം സര്‍വിസുകള്‍ നടത്തുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും സര്‍വിസുകള്‍ നടത്തുക.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സി,ഡി കാറ്റ​ഗറിയില്‍ ഉള്‍പ്പെടുത്തിയ (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ കൂടിയ) പ്രദേശങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കില്ല. യാത്രക്കാര്‍ കൂടുതലുള്ള സ്ഥലങ്ങളിലേക്കാണ് സര്‍വിസുകള്‍ നടത്തുന്നത്. ദീര്‍ഘദൂര സര്‍വിസുകള്‍ക്ക് നിലവിലെ ഡ്യൂട്ടി പാറ്റേണ്‍ തുടരും എന്നാല്‍ ഓര്‍ഡിനറി ബസുകളില്‍ 12 മണിക്കൂര്‍ എന്ന നിലയില്‍ യാത്രാക്കാരുടെ ആവശ്യാനുസരണമാകും സര്‍വിസ് നടത്തുക.

യാത്രാക്കാര്‍ കൂടുതലുള്ള തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ കൂടുതല്‍ സര്‍വിസുകള്‍ നടത്തും. സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യം ഒഴികെയുള്ള സര്‍വിസുകള്‍ നടത്തില്ല. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം ദീര്‍ഘദൂര സര്‍വിസുകള്‍ പുനരാരംഭിക്കും.

ഇതോടൊപ്പം സംസ്ഥാനജല ഗതാഗതവകുപ്പിന്റെ ബോട്ടുകള്‍ ഓരോ സ്റ്റേഷനുകളിലും 50 ശതമാനം ഷെഡ്യൂളുകള്‍ വീതം രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ സര്‍വിസ് നടത്തും.

ജൂണ്‍ ഒന്‍പതു മുതല്‍ കെഎസ്‌ആര്‍ടിസി പരിമിതമായ ദീര്‍ഘദൂര സര്‍വിസുകള്‍ ആരംഭിച്ചിരുന്നു. ദേശീയ പാത, എംസി റോഡ്, മറ്റു പ്രധാന സംസ്ഥാന പാതകള്‍ എന്നിവടങ്ങിലൂടെയാണ് പ്രധാനമായും ​ദീര്‍ഘദൂര സര്‍വിസുകള്‍ നടത്തിയിരുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ബസുകളില്‍ ഇരുന്നുള്ള യാത്ര മാത്രമാണ് അനുവദിച്ചിരുന്നത്

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →