ലക്ഷദ്വീപിന്റെ അധികാര പരിധി കേരള ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാന്‍ നീക്കം

സ്വന്തം ലേഖകൻ -

കവരത്തി>>> ലക്ഷദ്വീപിന്റെ അധികാര പരിധി കേരള ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാന്‍ നീക്കം. ഇതുസംബന്ധിച്ച്‌ ലക്ഷദ്വീപ് ഭരണകൂടം കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ലമെന്റാണ് കേന്ദ്രഭരണ പ്രദേശങ്ങള്‍ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ് വരുന്നതെന്ന് നിശ്ചയിക്കുന്നത്. ഇതുപ്രകാരം നിലവില്‍ കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് ലക്ഷദ്വീപുമായി ബന്ധപ്പെട്ട നിയമനടപടികള്‍ നടക്കുന്നത്.

അധികാര പരിധി മാറ്റണമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ശുപാര്‍ശയില്‍ കേന്ദ്രത്തിന് തീരുമാനം എടുക്കേണ്ടിവരും. പാര്‍ലമെന്റ് ചേര്‍ന്നാണ് ഇതുനടപ്പാക്കേണ്ടത്.

ലക്ഷദ്വീപിലെ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരേ നിലവില്‍ കേരള ഹൈക്കോടതിയില്‍ നിരവധി ഹരജികളുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരേയുള്ള സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ഭാഗമായുള്ള നിയമനടപടികളും കേരള ഹൈക്കോടതിയിലേക്ക് വരാനിരിക്കുകയാണ്.

നേരത്തെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ കേരളമാണെന്ന് ആരോപിച്ച്‌ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ രംഗത്തെത്തിയിരുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →