റെഡ് ക്രസന്റുമായുള്ള ധാരണയിൽ പങ്കാളി സർക്കാർ; പകർപ്പ് പുറത്ത്

ന്യൂസ് ഡെസ്ക്ക് - - Leave a Comment


ഭൂരഹിതര്‍ക്ക് വീടുവച്ചുനല്‍കാന്‍ യുഎഇ റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട്. സര്‍ക്കാരിനുവേണ്ടി ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഈ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് വടക്കാഞ്ചേരിയിലെ വിവാദഫ്ലാറ്റ് നിര്‍മിക്കുന്നത്. ധാരണാപത്രത്തിന്റെ പകര്‍പ്പ് പുറത്ത്
ലൈഫ് മിഷന്‍ ഫ്ലാറ്റിനെക്കുറിച്ച് വിവാദമുയര്‍ന്നപ്പോള്‍ സര്‍ക്കാരിന് നേരിട്ട് പങ്കില്ലെന്നും ഭൂമി നല്‍കുകമാത്രമാണ് ചെയ്തതെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നാല്‍ ധാരണാപത്രത്തിന്റെ പകര്‍പ്പ് നല്‍കുന്നത് മറ്റൊരുചിത്രമാണ്. ധാരണപത്രത്തിലെ ഒന്നാം കക്ഷി യുഎഇ റെഡ് ക്രസന്റ്. രണ്ടാംകക്ഷി സംസ്ഥാനസര്‍ക്കാര്‍ മാത്രം. 2019 ജൂലൈ പതിനൊന്നിന് സര്‍ക്കാരിനുവേണ്ടി ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ഇതനുസരിച്ച് റെഡ് ക്രസന്റ് സംസ്ഥാനത്തെ പ്രളയബാധിതര്‍ക്കും ഭവനരഹിതര്‍ക്കും വീടുവച്ചുനല്‍കാന്‍ ഇരുപതുകോടി വാഗ്ദാനം ചെയ്തു. ഇതില്‍ 14 കോടി വീടുകള്‍ നിര്‍മിക്കാനും ബാക്കി തുക ആരോഗ്യകേന്ദ്രം സ്ഥാപിക്കാനുമാണ്.

ആരോഗ്യകേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല സര്‍ക്കാരിനാണ്. ഫ്ലാറ്റ് സമുച്ചയമാണ് നിര്‍മിക്കുന്നതെന്നോ വടക്കാഞ്ചേരിയിലാണ് പദ്ധതിയെന്നോ എംഒയുവില്‍ ഇല്ല. ധാരണാപത്രപ്രകാരം നടപ്പാക്കുന്ന ഓരോ പദ്ധതിക്കും പ്രത്യേകം കരാര്‍ ഒപ്പിടണമെന്നും വ്യവസ്ഥയുണ്ട്. ഇത്തരത്തില്‍ കരാര്‍ ഇതുവരെ ഒപ്പുവച്ചിട്ടില്ലെന്നാണ് വിവരം. ധാരണാപത്രത്തില്‍ പറയുന്ന തുകയില്‍ നിന്ന് മൂന്നുകോടി അറുപതുലക്ഷം രൂപ സ്വപ്ന സുരേഷ് നിര്‍മാണകരാറുകാരില്‍ നിന്ന് കമ്മിഷന്‍ വാങ്ങിയെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് പദ്ധതി വിവാദത്തിലായത്

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *