റാന്നിയില്‍ ചര്‍ച്ചയായി അജി ബി.റാന്നിയുടെ സ്ഥാനര്‍ഥിത്വം; മുന്നണികളില്‍ ആശങ്ക

Avatar -

റാന്നി>>>നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം അന്ത്യത്തിലേക്ക് കടക്കുമ്പോള്‍ മുന്നണികളില്‍ ആശങ്ക കനക്കുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി ശബരി റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ അജി ബി. റാന്നിയുടെ പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക് കടന്നതോടെയാണ് മുന്നണികളില്‍ ആശങ്ക. റാന്നി ഇത്തിപ്പാറ സ്വദേശിയായ അജി ബി. റാന്നി കോണ്‍ഗ്രസ് (എസ്) വിദ്യാര്‍ഥി പ്രസ്ഥാനമായ കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് (എസ്) ലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസ് (എസ്) സംസ്ഥാന നിര്‍വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ച അജിക്ക് സി.പി.എം കേന്ദ്രങ്ങളുമായും മത-സാമുദായി നേതൃത്വങ്ങളുമായും മികച്ച ബന്ധമാണ്. പരസ്യ പ്രചാരണത്തിന് പ്രാധന്യം നല്‍കാതെ പരമാവധി വോട്ടര്‍മാരെയും സാമുദായിക നേതാക്കളെയും നേരില്‍ കാണുകയാണ് അജി ബി. റാന്നി.

സി.പി.എമ്മിന്റെ സിറ്റിങ് മണ്ഡലമായിരുന്ന റാന്നി കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ സി.പി.എമ്മിനകത്ത് ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും കുറ്റ്യാടിയിലെ പോലെ റോഡിലേക്ക് എത്തിയില്ല. സിറ്റിങ് എം.എല്‍.എ രാജു എബ്രഹാമിനടക്കം സീറ്റ് വിട്ടുനല്‍കുന്നതില്‍ എതിര്‍പ്പുണ്ടെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. രാജു എബ്രഹാമിലൂടെ ഇടതുപക്ഷത്തിന് ലഭിച്ചിരുന്ന ക്രിസ്ത്യന്‍ വോട്ടുകളില്‍ നല്ലൊരു ഭാഗം ഇടത് അനുഭാവിയായ അജിയിലെത്തുമെന്നാണ് സൂചനകള്‍. ദളിത് വിഷയങ്ങളില്‍ ഇടപ്പെട്ട് പ്രവര്‍ത്തിക്കുന്ന അജി ബി. റാന്നിക്ക് ദളിത് ക്രിസ്ത്യന്‍ സംഘടനകളുടെയും പിന്തുണയുണ്ട്. 

മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. പദ്മകുമാറിന് താന്‍ കഴിഞ്ഞ തവണ മത്സരിച്ച കുടം ചിഹ്നം നഷ്ടമായതിലാണ് ആശങ്ക. തന്റെ ഭാഗ്യചിഹ്നമായ കുടം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചതും സ്വതന്ത്ര സ്ഥാനാര്‍ഥിയായ അജി ബി. റാന്നിക്കാണ്. 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ റാന്നിയില്‍ മത്സരിക്കുമ്പോള്‍ കുടമായിരുന്നു പദ്മകുമാറിന്റെ ചിഹ്നം. ഇക്കുറിയും എന്‍.ഡി.എ ശ്രമിച്ചത് കുടം ചിഹ്നമായി ലഭിക്കാനാണ്. തെരഞ്ഞെടുപ്പ് ചിഹ്നമായി വലിയ പ്രചാരം നേടാത്ത ഹെല്‍മറ്റാണ് പദ്മകുമാറിന് ചിഹ്നമായി ലഭിച്ചത്്. ഇതോടെ വോട്ടുകള്‍ ഗണ്യമായി നഷ്ടമാകുമെന്ന ഭയവും നേതൃത്വത്തിനുണ്ട്. ഈ വോട്ടുകള്‍ അജി ബി. റാന്നിയിലെത്തുവാനും സാധ്യതയുണ്ട്. 
ബി.ജെ.പിയുടെ എപ്ലസ് മണ്ഡലങ്ങളുടെ പട്ടികയില്‍ പെടുന്ന റാന്നിയില്‍ 2016-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വലിയ രീതിയില്‍ വോട്ടുവിഹിതം വര്‍ദ്ധിപ്പിക്കുവാന്‍ മുന്നണിക്ക് സാധിച്ചിരുന്നു. 2011-ല്‍ ബി.ജെ.പിയുടെ സുരേഷ് കാതംബരി നേടിയത് 6.18 ശതമാനം (7,442) വോട്ടുകളാണ്. 2016-ലെ തെരഞ്ഞെടുപ്പില്‍ കെ. പദ്മകുമാര്‍ വോട്ടുവിഹിതം 21.06 ശതമാനമായി ഉയര്‍ത്തിയപ്പോള്‍ ഇടത്-വലത് മുന്നണികള്‍ക്ക് വലിയ രീതിയില്‍ വോട്ടുകള്‍ കുറഞ്ഞിരുന്നു. യു.ഡി.എഫിന് 10.05 ശതമാനവും എല്‍.ഡി.എഫിന് 4.64 ശതമാനം വോട്ടുകളാണ് കുറഞ്ഞത്. ശബരിമല പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ അനുകൂലമാണ് മണ്ഡലത്തിലെ നിലവിലെ സാഹചര്യങ്ങള്‍ എന്നാണ് എന്‍.ഡി.എ വിലയിരുത്തല്‍. എല്ലാ സ്ഥാനാര്‍ഥികളും പുതുമുഖങ്ങളാണ് എന്നതും എന്‍.ഡി.എയ്ക്ക് സാധ്യത കല്‍പ്പിച്ചിരുന്നു. ഈ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ് ചിഹ്നം നഷ്ടമായതിലൂടെ.

Avatar