മേതലയിൽ തകർന്ന കലുങ്ക് പുനർ നിർമ്മിക്കുവാൻ 35.81 ലക്ഷം രൂപ അനുവദിച്ചതായി എം.എൽ.എ

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>>അശമന്നൂർ പഞ്ചായത്തിലെ മേതലയിൽ തകർന്ന കലുങ്ക് നിർമ്മാണത്തിന് 35.81 ലക്ഷം രൂപ അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഈ വർഷത്തെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നാണ് പദ്ധതിക്ക് തുക അനുവദിച്ചത്. പദ്ധതിയുടെ ഭരണാനുമതി ലഭ്യമായി. സാങ്കേതിക്കാനുമതി നേടുന്നതിന് ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകിയതായി എം.എൽ.എ പറഞ്ഞു. കീഴില്ലം, കല്ലിൽ സ്കൂളുകളിലേക്ക് വിദ്യാർത്ഥികൾ ഏറെ ആശ്രയിക്കുന്ന റോഡ് കൂടിയാണ് ഇത്.

പഞ്ചായത്തിലെ പ്രധാന റോഡായ കല്ലിൽ സംഗമം റോഡിലെ കലുങ്കാണ് തകർന്നത്. നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന ഇവിടെ ഇപ്പോൾ ഭാര വാഹനങ്ങൾ നിരോധിച്ചിരിക്കുകയാണ്. വർഷങ്ങളായി തകർച്ചയിലായ കലുങ്കാണ് ഇതെങ്കിലും കഴിഞ്ഞ പ്രളയ സമയത്താണ് പൂർണ്ണമായും ഒരു വശം തകർന്നത്. കീഴില്ലം മാനാറി റോഡിൽ നിന്നും കല്ലിൽ ക്ഷേത്രത്തിലേക്ക് വരുന്ന ഈ റോഡ് രായമംഗലം, അശമന്നൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നത് കൂടിയാണ്.
8.5 മീറ്റർ നീളത്തിൽ 3.5 മീറ്റർ വീതിയുള്ള കലുങ്ക് ആണ് നിർമ്മിക്കുന്നത്. ഒരു വശത്ത് 20 മീറ്റർ നീളത്തിലും മറു വശത്ത് 10 മീറ്റർ നീളത്തിലും 5 മീറ്റർ ഉയരത്തിലുമുള്ള സംരക്ഷണ ഭീത്തികളും നിർമ്മിക്കും. ഇതോടൊപ്പമുള്ള തോടിന്റെ വശങ്ങൾക്ക് 40 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തി നിർമ്മിച്ചു സുരക്ഷിതമാക്കും. നിലവിലുള്ള കരിങ്കൽ കൊണ്ട് നിർമ്മിച്ചിരിക്കുന്ന കലുങ്ക് പൊളിച്ചു നീക്കി കോൺക്രീറ്റ് പ്രതലത്തിലാണ് പുതിയത് നിർമ്മിക്കുന്നത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →