മൂഴിപ്പാലം പ്രാവര്‍ത്തികമാക്കണമെന്ന ജനകീയ ആവശ്യം ശക്‌ത മാകുന്നു

സ്വന്തം ലേഖകൻ -

പെരുമ്പാവൂര്‍ >>>വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന തോട്ടുവ അമ്പലം മുതല്‍ കോടനാട് അമ്പലം വരെയുള്ള മൂഴിപാതയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. കോടനാട് മേഖല ജനകീയവികസന സമിതിയുടെ നേതൃത്വത്തില്‍ 5001 വ്യക്തികളുടെ കയ്യൊപ്പോടുകൂടിയ നിവേദനം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പ്രദേശത്തെ ജനപ്രതിനിധികള്‍ക്കും നല്‍കുവാന്‍ തീരുമാനിച്ചു.  സിനിമാ നടന്‍ ജയറാം  ഒപ്പ് ശേഖരണയജ്ഞം ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് റാഫേല്‍ ആറ്റുപുറം അധ്യക്ഷത വഹിച്ചു. കാലടി മുതല്‍ പാണിയേലി വരെയുള്ള ടൂറിസം മേഖലയുടെ വളര്‍ച്ചക്ക് ഈ പാത പ്രയോജനപ്പെടും.  ചേരാനല്ലൂര്‍ ഭാഗത്തു നിന്നും മലയാറ്റൂര്‍ സെന്റ് തോമസ് സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെയും മലയാറ്റൂര്‍ പള്ളിയിലേക്കുള്ള തീര്‍ത്ഥാടകരുടെയും ഏക വഴിയാണിത്. ആന വളര്‍ത്തല്‍ കേന്ദ്രമായ കോടനാടിനെ ചേരാനല്ലൂരുമായി ബന്ധിപ്പിക്കുന്നതും ഈ വഴിയാണ്. കോടനാട് ഭാഗത്തുനിന്നും തോട്ടുവ അമ്പലത്തിലേക്കും, തോട്ടുവ ഭാഗത്തു നിന്നും കോടനാട് അമ്പലത്തിലേക്കും പ്രതിദിനം നൂറുകണക്കിന് വിശ്വാസികള്‍ സഞ്ചരിക്കുന്ന ഈ വഴി ഇന്നും അവഗണന ഏറ്റുവാങ്ങുന്നു. കോടനാട് സ്ഥിതിചെയ്യുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും ചേരാനല്ലൂരില്‍ സ്ഥിതിചെയ്യുന്ന ആയൂര്‍വേദ ആശുപത്രിയിലേക്കുള്ള എളുപ്പ വഴിയാണ് മൂഴി പാത. ശ്രീ ശ്രീ രവിശങ്കര്‍ ആശ്രമം, മംഗളഭാരതി ആശ്രമം, നേവല്‍ ഓഫീസേഴ്‌സ് റിട്ടയര്‍മെന്റ് ഹോം, എന്‍.എസ്.എസ്. ഓഡിറ്റോറിയം എന്നിവയുടെ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാനും പാത പ്രയോജനം ചെയ്യുമെന്ന് സമിതി സെക്രട്ടറി ശശി കൂട്ടപ്ലാക്കല്‍ പറഞ്ഞു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →