മുന്നാറിൽ ചുറ്റിയടിക്കാം ആനവണ്ടിയിൽ

ഏബിൾ.സി.അലക്സ് -

കോതമംഗലം>>> തെക്കിന്റെ കശ്മീർ ആയ മൂന്നാറിന്റെ കുളിരുതേടി എത്തുന്ന സഞ്ചാരികൾ ദിനം പ്രതി  വർധിക്കുകയാണ്‌. ഇവിടെ വരുന്ന സഞ്ചാരികൾക്ക് ചുരുങ്ങിയ ചിലവിൽ മൂന്നാറിന്റെ നയനമനോഹാരിത ആസ്വദിക്കുവാൻ ആനവണ്ടി അവസരമൊരുക്കുകയാണ്. ഇനി   മൂന്നാറിലെ സഞ്ചാരത്തിന് കുറഞ്ഞ ചിലവിൽ കെഎസ്ആർടിസിയും കൂട്ടായിട്ടുണ്ട് സഞ്ചാരികൾക്ക്.  കേരളത്തിലെ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലെ പ്രക‍ൃതി മനോഹാരിത സഞ്ചാരികളെ കുറഞ്ഞ ചിലവിൽ  കാണിക്കുന്നതിന് വേണ്ടി കെ എസ്ആർടിസി നടപ്പിലാക്കുന്ന സൈറ്റ് സീയിങ് സർവ്വീസ് പുതു വർഷ പിറവി ദിനമായ നാളെ   മുതൽ ആരംഭിക്കുന്നു .  ​ മൂന്നാറിൽ എത്തുന്ന സഞ്ചാരികൾക്ക് പുതുവർഷ സമ്മാനമായാണ് ഈ പദ്ധതി നടപ്പിലാക്കുന്ന തെന്ന് ഗതാഗത വകുപ്പ് മന്ത്രി എ .കെ ശശീന്ദ്രൻ പറഞ്ഞു. മൂന്നാർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും രാവിലെ 9 മണിക്ക് പുറപ്പെടുന്ന സർവ്വീസ്,  ടോപ്പ് സ്റ്റേഷൻ, കുണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപെട്ടി, ഫ്ലോർ ​ഗാർഡൻ എന്നിവിടങ്ങളിൽ സഞ്ചാരികളെ കൊണ്ട് പോയി തിരികെ മൂന്നാർ കെഎസ്ആർടിസി സ്റ്റേഷനിൽ എത്തിക്കും. ഓരോ പോയിന്റുകളിൽ ഒരു മണിക്കൂർ വരെ ചിലവഴിക്കാൻ അവസരം നൽകും, കൂടാതെ ഭക്ഷണം കഴിക്കുന്നതിന് ഉൾപ്പെടെയുള്ള സൗകര്യം ഏർപ്പെടുത്തും. ഏകദേശം 80 കിലോ മീറ്ററോളം ദൂരം സഞ്ചരിക്കുന്നതിന് ഒരാൾക്ക് 250 രൂപമാത്രമാണ് ടിക്കറ്റ് നിരക്ക്. പുതിയ പദ്ധതിയുടെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് ജനുവരി1 മുതൽ 3 ദിവസം  മൂന്നാറിലെ കെഎസ്ആർടിസി ഡിപ്പോയിൽ  സ്ഥാപിച്ചിരിക്കുന്ന സ്ലീപ്പർ ബസുകളിൽ താമസിക്കുന്ന സഞ്ചാരികൾക്ക് യാത്ര സൗജന്യമായിരിക്കും. പദ്ധതി വിജയിക്കുന്ന മുറയ്ക്ക് കാന്തല്ലൂരിലും സർവ്വീസ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.അങ്ങനെ പുതു പുത്തൻ ആശയങ്ങളിലൂടെ ആനവണ്ടി വളർച്ചയുടെ പാതയിൽ കുതിച്ചു കയ റുകയാണ്

ഏബിൾ.സി.അലക്സ്

About ഏബിൾ.സി.അലക്സ്

View all posts by ഏബിൾ.സി.അലക്സ് →