മുണ്ടകന്‍ കൃഷിക്ക് സമയമായി- കനാലിന്റെ ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയില്ല. വെള്ളം എത്തുമോ എന്ന ആശങ്കയില്‍ കര്‍ഷകര്‍

സ്വന്തം ലേഖകൻ - - Leave a Comment

പെരുമ്പാവൂര്‍ >>>ചേരാനല്ലൂര്‍ മൈനര്‍ ഇറിഗേഷന്റെ കീഴിലുള്ള പാടശേഖരങ്ങളില്‍ കൃഷി ചെയ്യാന്‍ സമയമായെങ്കിലും കനാലില്‍ അടിഞ്ഞു കിടക്കുന്ന ചെളിയും കാടും നീക്കം ചെയ്യാത്തതുകൊണ്ട് നീരൊഴുക്ക് നഷ്ടപ്പെട്ടു. സാധാരണ സെപ്തംബര്‍ മാസത്തില്‍ കനാല്‍ ശുചീകരിക്കേണ്ടതാണ്. കുറച്ച് വര്‍ഷങ്ങളായി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തിയാണ്  ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയിരുന്നത്. എന്നാല്‍ ആവര്‍ത്തന സ്വഭാവമുള്ള തൊഴിലുകള്‍ നടത്താന്‍ പാടില്ലെന്ന നിര്‍ദ്ദേശം ഉള്ളതിനാല്‍ രണ്ട് വര്‍ഷമായിട്ട് കനാലിന്റെ ശുചീകരണ പ്രവര്‍ത്തികള്‍ നീണ്ടുപോകുകയാണ്. ഈ അവസ്ഥ തന്നെയാണ് പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ ചെറുതും വലുതുമായ 20 മൈനര്‍ ഇറിഗേഷന്‍ പ്രേജക്ടുകളുടെ അവസ്ഥ. ഇതുമൂലം കൃഷി സമയത്ത് നടത്താന്‍ പറ്റാതെ കാര്‍ഷിക മേഖല തകരുന്ന അവസ്ഥയാണ്. മുന്‍ വര്‍ഷങ്ങളില്‍ ജനപ്രതിനിധികളുടെയും, കളക്ടറുടെയും ഇടപെടലിനെ തുടര്‍ന്നാണ് ഏറെ വൈകിയാണെങ്കിലും മൈനര്‍ ഇറിഗേഷന്‍ കനാലുകളും, പെരിയാര്‍ വാലി കനാലുകളും ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയത്.  രണ്ട് മാസം മുന്‍പ് കനാല്‍ ശുചീകരണത്തിനായി വിവിധ പഞ്ചായത്തുകളോടും, ബ്ലോക്ക് പഞ്ചായത്തുകളോടും മൈനര്‍ ഇറിഗേഷന്‍ അധികൃതര്‍ ശുചീകരണ പ്രവര്‍ത്തികള്‍ക്ക് നടപടികള്‍ സ്വീകരിക്കുന്നതിന് തടസം ഉണ്ടെങ്കില്‍ രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും കൃത്യമായ മറുപടി നല്‍കിയില്ല. ചേരാനല്ലൂര്‍ മൈനര്‍ ഇറിഗേഷന്റെ കീഴിലുള്ള വെള്ളുക്കുഴി, പങ്ങോലപാടം, കഞ്ഞട്ടോറ, കൂലിപാടം, ബ്ലായിപാടം, ഇടപ്പന  എന്നീ പാടശേഖരങ്ങളില്‍ ട്രില്ലര്‍ ഇറക്കിയെങ്കിലും വെള്ളം ഇല്ലാത്തതിനാല്‍ ഉഴുവ് നടത്തുവാന്‍ സാധിച്ചില്ല. ഒരു മോട്ടോര്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അടുത്ത മോട്ടോറുകള്‍ ഉടന്‍ തന്നെ അറ്റകുറ്റപണികള്‍ നടത്തി പ്രവര്‍ത്തനസഞ്ജമാക്കാം എന്ന് അധികൃതര്‍.  
ഏതെങ്കിലും പദ്ധതിയില്‍ പെടുത്തി ശുചീകരണ പ്രവര്‍ത്തികള്‍ നടത്തി നീരൊഴുക്ക് സുഖമമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ചേരാനല്ലൂര്‍ പാടശേഖര സമിതി പ്രസിഡന്റ് ദേവച്ചന്‍ പടയാട്ടില്‍ ആവശ്യപ്പെട്ടു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *