കോതമംഗലം: സംസ്ഥാന സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗത്തിലെ മികച്ച വോളൻ്റിയർക്കുള്ള സംസ്ഥാന തല അവാർഡ് മീഖൾ സൂസൺ ബേബിയ്ക്ക്. ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ വി.എച്ച്.എസ്.ഇ ലൈവ് സ്റ്റോക്ക് മാനേജ്മെൻ്റ് വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തെ പഠനകാലയളവിൽ വോളൻ്റിയർ എന്ന നിലയിൽ സ്കൂളിലും മാറാടി ഗ്രാമപഞ്ചായത്തിലെ ദത്തെടുത്ത ഗ്രാമമായ നാലാം വാർഡിലും പരിസര പ്രദേശത്തുമായി നടത്തിയ മാതൃക പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഈ പുരസ്കാരം ലഭിച്ചത്. പൊതു വിദ്യാഭ്യാവകുപ്പ് ഡയറക്ടർ ജീവൻ ബാബു ഐ.എ.എസ് അധ്യക്ഷനും സംസ്ഥാന പ്രോഗ്രാം കോർഡിനേറ്റർ രഞ്ജിത് പി യും ഉൾപ്പെടുന്ന ജൂറി ടീമാണ് അവാർഡ് പ്രൊപ്പോസൽ പരിശോധിച്ച് വിലയിരുത്തിയത്. ജീവകാരുണ്യമേഖലയിലും, പരിസ്ഥിതി പ്രവർത്തനങ്ങളിലും, ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും, ജലസംരക്ഷണ പ്രവർത്തനങ്ങളിലും, ജൈവകൃഷിയിലും , കോറോണക്കാലയളവിലും കഴിഞ്ഞ പ്രളയകാലത്തും ദുരിത ബാധിതർക്കൊപ്പം ഒരു കൈതാങ്ങായി നിന്ന ഈ സ്കൂളിലെ വിദ്യാർത്ഥികളുടെ മാതൃക പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന തല അംഗീകാരമാണിതെന്ന് മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലതാ ശിവൻ പറഞ്ഞു. സ്കൂൾ പ്രിൻസിപ്പാൾ റോണി മാത്യു, എൻ എസ്.എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, മുൻ ഹെഡ്മാസ്റ്റർ സജികുമാർ, ഹെഡ്മിസ്ട്രസ് സഫിയ സി.പി, പി.റ്റി.എ പ്രസിഡൻ്റ് പി.റ്റി.അനിൽകുമാർ, മദർ പി.റ്റി.എ ചെയർപേഴ്സൺ സിനിജസനൽ സ്കൂൾ ഡവലപ്മെൻ്റ് കമ്മിറ്റി ചെയർമാൻ റ്റി.വി.അവിരാച്ചൻ,യൂണിറ്റ് ദത്തെടുത്ത തൈക്കാവ് വാർഡിലെ മെമ്പർ ബാബു തട്ടാർക്കുന്നേൽ, സൈക്കോ സോഷ്യൽ സ്കൂൾ കൗൺസലർ ഹണി വർഗീസ്, ത്രിതല ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് ഈ സംസ്ഥാന അംഗീകാരം ഇവിടെയെത്തിച്ചത്. മാറാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കിഴക്കെ ചിരക്കാട്ടിയിൽ കെ യു ബേബിയുടെയും ജിജി ബേബിയുടെയും മകളാണ്. അലീന അന്ന ബേബി സഹോദരിയും ജോൺ കെ ബേബി സഹോദരനുമാണ്.