കോഴിക്കോട്: കെയുഡബ്ല്യൂജെ സംസ്ഥാന കമ്മിറ്റി അംഗവും മാധ്യമം ദിനപത്രത്തിലെ ന്യൂസ് എഡിറ്ററുമായ എൻ. രാജേഷ് അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 56 വയസായിരുന്നു.
കോഴിക്കോട് തൊണ്ടയാട് സ്വദേശിയാണ്. രണ്ട് തവണ കോഴിക്കോട് പ്രസ് ക്ലബ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. മികച്ച സ്പോർട്സ് ലേഖകനായിരുന്നു. മുഷ്താഖ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷം തൊണ്ടയാട്ടെ വസതിയിലേക്ക് കൊണ്ടുപോകും. 2.30 മുതല്‍ 45 മിനിറ്റ് പ്രസ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡണ്ട് ഫിറോസ് ഖാന് അറിയിച്ചു. സംസ്കാരം ആറു മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ഒരുങ്ങവെയാണ് മരണം സംഭവിച്ചത്.
എൻ. രാജേഷിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സ്പോർട്സ് റിപ്പോർട്ടിങ്ങിൽ മികവ് തെളിയിച്ച പത്രപ്രവർത്തകനായിരുന്നു രാജേഷ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.