കാലടി>>> മലയാറ്റൂര്‍ പാറമട സ്ഫോടന കേസില്‍ മൂന്ന് പേരെ കൂടി ഇന്ന് അറസ്റ്റ് ചെയ്തു. പാറമടയുടെ ജനറല്‍ മാനേജര്‍ മലയാറ്റൂര്‍ ഇല്ലിത്തോട് ഒറവുംകണ്ടത്തില്‍ വീട്ടില്‍ ഷിജില്‍ (40). നടത്തിപ്പുകാരനായ ബെന്നിയെ ഒളിവില്‍ പോകാന്‍ സഹായിച്ച നടുവട്ടം കണ്ണാംപറമ്പില്‍ സാബു (46), തോട്ടുവ കവല മുരിയംപിള്ളി വീട്ടില്‍ ദീപക് (34) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് ബെന്നിയെ ബാംഗ്ലൂരിൽ നിന്നും പിടികൂടിയത്. ഇതോടെ രണ്ട് അതിഥി തൊഴിലാളികൾ മരണപ്പെട്ട പാറമട സ്ഫോടന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി. പ്രതികൾ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. പ്രത്യേക ടീം സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണ്. പാറമടകളുടെ ലൈസൻസും മഗസിനുകളും പരിശോധിക്കുന്നുണ്ടെന്ന് എസ്.പി. കെ. കാർത്തിക് പറഞ്ഞു. അന്വേഷണ സംഘത്തില്‍ പെരുമ്പാവൂർ ഡി.വൈ. എസ്.പി ബിജുമോൻ, എസ്.എച്ച്.ഒ എം .ബി ലത്തീഫ് , എസ്.ഐ.മാരായ സ്റ്റെപ്റ്റോ ജോൺ, കെ.പി. ജോണി, എ.എസ്.ഐ മാരായ സത്താർ, ജോഷി തോമസ്, സി.പി.ഒ മനോജ്, മാഹിൻ ഷാ എന്നിവരും ഉണ്ടായിരുന്നു.