മത്സ്യകൃഷിയില്‍ അനന്തസാധ്യതകളാണ് ഇടുക്കി ജില്ലയിലുള്ളത് :മന്ത്രിജെ.മേഴ്സിക്കുട്ടിയമ്മ

web-desk - - Leave a Comment

ഇടുക്കി >>>മത്സ്യകൃഷി രംഗത്ത് അനന്ത സാധ്യതകളാണ് ഇടുക്കി ജില്ലയിലുള്ളതെന്ന് ഫിഷറീസ് & ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. പൈനാവിലേയ്ക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ച ജില്ലാ ഫിഷറീസ് കാര്യാലയത്തിന്റെ ഔപചാരിക ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യകൃഷിയില്‍ ആദിവാസി വിഭാഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് തൊഴില്‍ നേടാന്‍ സഹായമാകുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്. വൈദ്യുതി മന്ത്രി എം.എം മണിയുടെ ഇടപെടലിനെ തുടര്‍ന്ന് വൈദ്യുതി ബോര്‍ഡിന്റെ സഹായത്തോടെ ജില്ലയില്‍ ഉടന്‍ ഹാച്ചറി ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയില്‍ മൂന്ന് മത്സ്യഭവനും പഞ്ചായത്ത് ക്ലസ്റ്റ്റുകളും അടക്കം നിരവധി പദ്ധതികളാണ് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്നത്. ജല സംഭരണികളിലടക്കം മത്സ്യ കൃഷിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മത്സ്യ ഉല്പ്പാദനം പരമാവധി വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ്പോഷക മൂല്യമുള്ള മത്സ്യം ജില്ലയില്‍ ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നതിനുള്ള അവസരമാണ് സര്‍ക്കാര്‍ മത്സ്യ കര്‍ഷകര്‍ക്ക് ഇതുവഴി ഒരുക്കുന്നത്. ജില്ലയിലെ എല്ലാ പ്രദേശത്തുമുള്ള ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതാണ് ജില്ലാ ഓഫീസിന്റെ മാറ്റമെന്നും മന്ത്രി പറഞ്ഞു. ചില ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ജില്ലാ ഫിഷറീസ് കാര്യലയം ജില്ലാ ആസ്ഥാനത്തേക്ക് മാറ്റുന്നതിന് തടസ്സമായതെന്നും ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥര്‍ തടസമിടുന്നത് അനുവദിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പൈനാവിലെ ഫിഷറീസ് കാര്യാലയ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം. എം. മണി അദ്ധ്യക്ഷത വഹിച്ചു. മത്സ്യ കൃഷി മേഖലയില്‍ ഇടുക്കി ജില്ല മുന്നേറ്റത്തിന്റെ പാതയിലാണ്. മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുകയെന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളത്. ഫിഷറീസ് വകുപ്പ് മികച്ച ഇടപെടല്‍ നടത്തി കൃഷിക്കാരെ സജ്ജമാക്കി ഉള്‍നാടന്‍ മത്സ്യകൃഷി വികസിപ്പിക്കുന്നതിലൂടെ ജില്ലയിലെ ജനങ്ങള്‍ക്കാവശ്യമായ മത്സ്യം ഇവിടെ തന്നെ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും മന്ത്രി അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

പൈനാവില്‍ മുന്‍പ് കേന്ദ്രീയ വിദ്യാലയം പ്രവര്‍ത്തിച്ചിരുന്ന കെട്ടിട സമുച്ചയത്തിലാണ് ജില്ലാ ഫിഷറീസ് കാര്യാലയം ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. ഇടുക്കി ജില്ലയുടെ അതിര്‍ത്തിയായ കുമളിയില്‍ നിന്നും ജില്ലാ ആസ്ഥാനത്തേക്കുളള കാര്യാലയത്തിന്റെ മാറ്റം ജില്ലയുടെ പലഭാഗങ്ങളിലുമുള്ള പൊതുജനങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വളരെയേറെ സൗകര്യപ്രദമാകും. ജില്ലയിലെ രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളികള്‍, മത്സ്യകര്‍ഷകര്‍, അനുബന്ധ തൊഴിലാളികള്‍ എന്നിവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുളള വിദ്യാഭ്യാസാനുകൂല്യങ്ങള്‍ തുടങ്ങിയവ ഫിഷറീസ് കാര്യാലയം വഴിയായിരിക്കും. മത്സ്യകൃഷി പ്രോത്സാഹന പദ്ധതികള്‍, മത്സ്യകൃഷി ഫാമുകളുടെ രജിസ്‌ട്രേഷന്‍ തുടങ്ങിയ വിഷയങ്ങള്‍ നിര്‍വഹിക്കുന്ന മത്സ്യകര്‍ഷക വികസന ഏജന്‍സി, കൂടാതെ പുതുതായി ജില്ലക്ക് അനുവദിച്ച ഇടുക്കി മത്സ്യഭവനും പ്രവര്‍ത്തിക്കുന്നതും ഇതേ കാര്യാലയത്തിലാണ്.

ഉദ്ഘാടന യോഗത്തില്‍ ഫിഷറീസ് ഡയറക്ടര്‍ സി.എ ലത വീഡിയോ കോണ്‍ഫറന്‍സിലൂടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തംഗം പ്രഭാ തങ്കച്ചന്‍, വിവിധ രാഷ്ട്രീയ, സംഘടനാ പ്രതിനിധികളായ പി.ബി സബീഷ്, പി.കെ ജയന്‍, സി.എം അസീസ് , സിജി ചാക്കോ, മത്സ്യ കര്‍ഷക പ്രതിനിധി കുര്യാക്കോസ് റ്റി.റ്റി, ഫിഷറീസ് മധ്യമേഖല ജോയിന്റ് ഡയറക്ടര്‍ സാജു എം.എസ്, ജില്ലാ ഫിഷറീസ് അസി. ഡയറക്ടര്‍ ഡോ. ജോയിസ് എബ്രഹാം, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *