മണിയന്ത്രം മുടിയിലേക്ക് സഞ്ചാരികളെ മാടിവിളിക്കുന്നു

നെൽസൺ പനയ്ക്കൽ -

മൂവാറ്റുപുഴ>>> മണിയന്ത്രം മുടി വിനോദ സഞ്ചാര ഭൂമികയിലേക്ക് സഞ്ചാരികളുടെ പ്രവാഹം. മലനിരകൾക്കിടയിലൂടെയുള്ള ഒഴുകുന്ന ചെറിയ അരുവിയും തൊടുപുഴ നഗരത്തിന്റെ ദൂരക്കാഴ്ചയുമൊക്കെ ആസ്വദിക്കുന്നതോടൊപ്പം അപൂർവമായ പക്ഷികളുടെ കളകളാരവത്തോടൊപ്പം കുളിർക്കാറ്റിന്റെ തലോടലുമേറ്റ് പകലും രാത്രിയും ഇരിക്കാൻ പറ്റിയ സ്ഥലമാണ് മണിയന്ത്രം മുടി വിനോദ സഞ്ചാരകേന്ദ്രം.

മൂവാറ്റുപുഴ താലൂക്കിലെ മഞ്ഞളൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മണിയന്ത്രം മുടിയിലേക്ക് നിരവധി പേരാണ് എത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ രസതന്ത്രം പാറയുടെ മുകളിൽ കയറാനും, മലമുകളിലെ ഇളം കാറ്റും കുളിരും ആസ്വധിക്കാനും എത്തുന്നവർ നൂറുകണക്കിനാണ് . ഇന്ത്യയിലെ ഏറ്റവും വലിയ പൈനാപ്പിൾ സിറ്റി സ്ഥിതി ചെയ്യുന്നുവെന്ന പെരുമയ്ക്ക് പുറമെ പ്രകൃതി സൗന്ദര്യം നിറഞ്ഞു ഒഴുകുന്ന മണിയന്ത്രം മുടിയും മഞ്ഞള്ളൂർ പഞ്ചായത്തിന് സ്വന്തമാണ്. രാജ്യത്തെ ഏറ്റവും വലിയ പൈനാപ്പിൾ വിപണിയായ വാഴക്കുളവും, മണിയന്ത്രം മുടിയും മഞ്ഞള്ളൂർപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.എറണാകുളം’ ഇടുക്കിജില്ലകളുടെ അതിർത്തിയിലാണ് മണിയന്ത്രം മുടി . മൂവാറ്റുപുഴ- തൊടുപുഴ റോഡിൽ കദളിക്കാട് മണിയന്ത്രം കവലയിൽ നിന്ന് ഇടത്തോട്ട് 3 കിലോമീറ്റർ സഞ്ചരിച്ചാലും, ഇതേ റൂട്ടിൽ മടക്കത്താനത്തുനിന്നും രണ്ടര കിലോമീറ്റർ സഞ്ചരിച്ചാലും മണിയന്ത്രം മുടിയിലെത്താം. കൂടാതെ തൊടുപുഴ – ഊന്നുകൽ- മൂന്നാർ റോഡിൽ പാലക്കുഴി ജംഗ്ഷനിൽ നിന്ന് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാലും മുടിയിലെത്താം.

മൂന്നു സ്ഥലത്തുനിന്നും മലയിലേക്കു കയറുമ്പോൾ തന്നെ കാഴ്ചകളുമാരംഭിക്കുകയായി. ഒരു ട്രക്കിങ്ങിനു സമാനമാണ് മലകയറ്റം. മലയുടെ മുടിയിലേക്ക് നടന്നു തന്നെ കയറണം. ഇതിനിടയിൽ മലയിൽ നിന്നും താഴേക്കൊഴുകുന്ന അരുവിയിൽ സഞ്ചാരികൾക്ക് മുഖവും കയ്യും കാലുമൊക്കെ കഴുകുക മാത്രമല്ല വേണമെങ്കിൽ മലമുകളിലൊരു കുളിയുമാകാം. അപൂർവയിനം ഔഷധ ചെടികൾ, പൂക്കൾ പക്ഷികൾ എന്നിവ ആരേയും ആകർഷിക്കുന്ന കാഴ്ചകളാണ്. മലയുടെ മുകളിൽ നിന്ന് നോക്കിയാൽ വിശാലമായി പരന്നു കിടക്കുന്ന എറണാകുളം ജില്ലയുടെ പ്രധാന ഭാഗങ്ങൾ കാണാനാകും . രസതന്ത്രം , മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധിസിനിമകളുടേയും, നിരവധി സീരിയലുകളുടേയും ഷൂട്ടിംങ്ങ് ഇവിടെ നടന്നി്നിരുന്നു . രസതന്ത്രം സിനിമ ഷൂട്ടിംഗ് കഴിഞ്ഞതിനുശേഷംഇവിടത്തെ വിശാലമായ പാറയെ രസതന്ത്രം പാറ എന്നാണ് അറിയപ്പെടുന്നത്. മലയാറ്റൂർ മലയേക്കാൾ ഉയരം കുറവാണെങ്കിലും പ്രകൃതി സൗന്ദര്യത്തിന് കോട്ടം സംഭവിച്ചിട്ടില്ല. മലനിരകൾക്കിടയിലൂടെ തുള്ളിച്ചാടിയൊഴുകുന്ന അരുവിയും തൊടുപുഴ നഗരത്തിന്റെ ദൂരക്കാഴ്ചയും ആസ്വദിച്ച് നടക്കുന്ന സഞ്ചാരികൾക്ക് കുളിർക്കാറ്റിന്റെ തലോടൽ മുടികയറൽ വെറുതെയാകില്ല

നെൽസൺ പനയ്ക്കൽ

About നെൽസൺ പനയ്ക്കൽ

View all posts by നെൽസൺ പനയ്ക്കൽ →