മക്കൾക്ക് ഓൺലൈൻ പഠനത്തിനായി നാട്ടുകാർ വാങ്ങി നൽകിയ മൊബൈൽ ഫോൺ തട്ടിയെടുത്ത് മറിച്ചുവിറ്റ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

ന്യൂസ് ഡെസ്ക്ക് - - Leave a Comment


അങ്കമാലി: മക്കൾ ഓൺലൈൻ പഠനത്തിനായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ തട്ടിയെടുത്ത് മറിച്ചുവിറ്റ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി മൂക്കന്നൂർ സ്വദേശി കാച്ചപ്പിള്ളി വീട്ടിൽ സാബു(41)വിനെയാണ് അങ്കമാലി പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ വിറ്റ പണംകൊണ്ട് മദ്യപിക്കുന്നതിനിടെ അങ്കമാലിയിലെ ഒരു കള്ള് ഷാപ്പിൽനിന്നാണ് പ്രതിയെ പിടികൂടിയത്.കഴിഞ്ഞ ദിവസം രാത്രിയാണ് സാബു മൊബൈൽ ഫോണിനായി ഭാര്യയെയും മക്കളെയും ആക്രമിച്ചത്. മൂന്ന് പെൺമക്കളും ഓൺലൈൻ പഠനത്തിനായി ഉപയോഗിക്കുന്ന മൊബൈൽ തനിക്ക് നൽകണമെന്നായിരുന്നു ഇയാളുടെ ആവശ്യം. തുടർന്ന് വീട്ടിൽ വഴക്കുണ്ടാവുകയും ഭാര്യയെയും മക്കളെയും മർദ്ദിക്കുകയും ചെയ്തു. ആക്രമണത്തിൽനിന്ന് രക്ഷപ്പെടാനായി ഇളയമകൾ അയൽവീട്ടിലേക്ക് ഓടിപ്പോയി. ഇതോടെയാണ് അയൽക്കാർ സംഭവമറിയുന്നത്. ഇവർ സാബുവിന്റെ ഭാര്യയെയും മക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.സാബുവിന്റെ മൂന്ന് പെൺകുട്ടികളും പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്നവരായതിനാൽ നാട്ടുകാരാണ് ഇവർക്ക് 15,000 രൂപയുടെ മൊബൈൽ ഫോൺ വാങ്ങിനൽകിയത്. ഇത്തവണ പ്ലസ് ടു പാസായ മൂത്ത മകൾക്കും പത്താം ക്ലാസ് പാസായ രണ്ടാമത്തെ മകൾക്കും എല്ലാവിഷയങ്ങളിലും എ പ്ലസ് ലഭിച്ചിരുന്നു. ഏഴാം ക്ലാസ് വിദ്യാർഥിനിയായ ഇളയമകളും പഠനത്തിൽ മിടുക്കിയാണ്. സ്ഥിരം മദ്യപാനിയായ സാബു മദ്യപിക്കാൻ പണമില്ലാത്തതിനാൽ ഈ മൊബൈൽ ഫോൺ കൈക്കലാക്കുകയായിരുന്നു.സംഭവത്തിന് ശേഷം വീട്ടിൽനിന്നിറങ്ങിയ പ്രതി ചൊവ്വാഴ്ച രാവിലെ തന്നെ മൊബൈൽ ഫോൺ വിൽപ്പന നടത്തിയിരുന്നു. തുടർന്ന് ഈ പണം കൊണ്ട് മദ്യപിക്കുന്നതിനിടെയാണ് കള്ള് ഷാപ്പിൽനിന്ന് പിടിയിലായത്. ഇയാൾ നേരത്തെ ചാരായം വാറ്റ്, മോഷണം അടക്കമുള്ള സംഭവങ്ങളിൽ ഉൾപ്പെട്ടയാളാണെന്നും പൊലീസ് പറഞ്ഞു. ബാലനിതീ വകുപ്പ് പ്രകാരമടക്കം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *