ഭയംമൂലം കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കാൻ തയ്യാറായില്ല, മേല്‍നോട്ടം വഹിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ കോവിഡ് പോസിറ്റീവായ മൃതദേഹം സംസ്‌കരിച്ച് മാതൃകയായി

സ്വന്തം ലേഖകൻ -

കോതമംഗലം>>>കോവിഡ് ബാധിച്ച അഞ്ജാതന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ഭയം മൂലം ആരും തയ്യാറാകാതെ വന്നപ്പോള്‍ ചുമതലയില്ലാതിരുന്നിട്ടും അതേറ്റെടുത്ത നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ നാടിന് മാതൃകയായി. നേര്യമംഗലം കുടുംബാരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ എം എന്‍ ജഗദീഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജോഷി തോമസ്, സീനിയര്‍ സ്റ്റാഫ് നഴ്സ് കെ എച്ച് സുധീര്‍ എന്നിവരാണ് ഈ ദൗത്യം ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ ടൗണില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തിരിച്ചറിയപ്പെടാത്ത വൃദ്ധന്റെ മൃതദേഹമാണ്  കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച വൈകീട്ട് നേര്യമംഗലം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചത്. അഞ്ജാത മൃതദേഹം ദഹിപ്പിക്കാന്‍ നിയമപ്രകരം സാധുത ഇല്ലാത്തതിനാലാണ് നേര്യമംഗലം പൊതുശ്മശാനത്തില്‍ മറവ് ചെയ്യാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചത്. മൃതദേഹം സംസ്‌കരിക്കാന്‍ ഔദ്യോഗികമായി ചുമതലയുണ്ടായിരുന്ന മൂവാറ്റുപുഴ നഗരസഭയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ സമയം കഴിഞ്ഞിട്ടും എത്താതിരിക്കുകയും കൂലിക്ക് വിളിച്ചിരുന്നവര്‍ കോവിഡ് ആണെന്നറിഞ്ഞതോടെ പിന്മാറുകയും ചെയ്തതോടെ മൃതദേഹവുമായി എത്തിയ മൂവാറ്റുപുഴ പൊലീസും  മേല്‍നോട്ടം വഹിക്കാനെത്തിയ ഊന്നുകല്‍ സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരും നിസഹായരായി. മൃതദേഹം സംസ്‌കരിക്കാനെത്തിയ തൊഴിലാളികള്‍ മൃതദേഹം കോവിഡ് പോസിറ്റീവാണെന്നറിഞ്ഞതോടെ പിന്മാറുകയും പി പി ഇ കിറ്റ് നല്‍കാമെന്ന് അറിയിച്ചിട്ടും സംസ്‌കാരം നടത്താന്‍ ഇവര്‍ തയ്യാറായില്ല. പി പി ഇ കിറ്റ് നല്‍കാനും കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കാരം നടത്താന്‍ മേല്‍നോട്ടം വഹിക്കാനുമായി സ്ഥലത്തെത്തിയ നേര്യമംഗലം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറിന്റെ നേതൃത്വത്തിലുള്ള മൂവര്‍ സംഘം ഇതോടെ മൃതദേഹം സംസ്‌കരിക്കാന്‍ സ്വമേധയാ മുന്നോട്ട് വരികയായിരുന്നു.പത്തടി ആഴമുള്ള കുഴിയിലേക്ക് കയര്‍ ഉപയോഗിച്ച് ഇറക്കാനും പൊലീസ് തെളിയിച്ച മൊബൈല്‍ വെളിച്ചം മാത്രം ഉപയോഗിച്ച് കാടുപിടിച്ച പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തിയത് വളരെ ശ്രമകരമായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.  പ്രതിസന്ധിഘട്ടത്തില്‍ ഇവര്‍ മുന്നോട്ട് വന്നില്ലായിരുന്നെങ്കില്‍ സംസ്‌കരിക്കാന്‍ ആളില്ലാതെ മൃതദേഹം ആംബുലന്‍സില്‍ കിടക്കേണ്ട ദുരവസ്ഥ ഉണ്ടാകുമായിരുന്നു. 

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →