ഭഗവതിപുരത്ത്‌ കാറ്റേറ്റ് കാഴ്ചകൾ കണ്ടിരിക്കാം

Avatar -

കൊച്ചി>>>തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലാണ് ഭഗവതിപുരം എന്ന പച്ചപ്പ്‌ നിറഞ്ഞ ഗ്രാമം. പേര് സൂചിപ്പിക്കുന്നത് പോലെ ഭഗവതി അനുഗ്രഹിച്ച ഗ്രാമം ആണ് ഇത്. കേരളത്തിലെ കൊല്ലം ജില്ലയോട് അതിർത്തി പങ്കിടുന്ന ഗ്രാമം കൂടിയാണ് ഭഗവതിപുരം.

മലയും വയലും 

ചുറ്റും മലയും വയലും ആണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. ഗ്രാമീണർ കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. നെല്ലും, തെങ്ങും ആണ് പ്രധാന കൃഷി. രാവിലെ മുതൽ വൈകീട്ട് വരെ ഗ്രാമീണർ വയലുകളിലാണ്.നാൽകാലികളെ മേയ്ക്കുന്നത്  ഇവിടുത്ത കൃഷി ചെയ്യാത്ത പാടങ്ങളിലെ സ്ഥിരം കാഴ്ചകളാണ്. ആട്, പശു എന്നിവയെയാണ് കൂടുതലായും പാടങ്ങളിൽ കാണുന്നത്. 

ഉറങ്ങികിടക്കുന്ന റെയിൽവേ സ്റ്റേഷൻ  

കൊല്ലം – ചെങ്കോട്ട ബ്രോഡ് ഗേജ് റെയിൽ പാത കടന്ന് പോകുന്നത് ഭഗവതിപുരം ഗ്രാമത്തിലൂടെ ആണ്. ട്രെയിനുകൾ പൊതുവെ ഈ റൂട്ടിൽ കുറവാണ്. ആകെ രണ്ട് പാസ്സൻജർ ട്രെയിനുകൾ ആണ്  ഇവിടെ ഉച്ചക്ക് നിർത്തുന്നത്.ട്രെയിനിൽ കയറാനും ഇറങ്ങാനും ഏറ്റവും കൂടിയാൽ രണ്ടോ മൂന്നോ പേർ മാത്രം. ഭഗവതിപുരം റെയിൽവേ സ്റ്റേഷൻ എപ്പോഴും ഉറക്കത്തിലാണ്. ഇടക്ക് ചൂളം വിളിച്ചു ട്രെയിനുകൾ കടന്ന് പോകുമ്പോൾ മാത്രം ഒന്ന് ഉണരും.

എപ്പോഴും കാറ്റ് ഏത് സമയത്തും ഇവിടെ കാറ്റാണ്. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലെ  ബെഞ്ചിൽ ഇരുന്നാൽ കാറ്റ് കൊണ്ട് മനോഹരമായ കാഴ്ചകൾ ആസ്വദിക്കാം. പ്രക്രതിയെ അടുത്തറിഞ്ഞു ശുദ്ധ വായു ശ്വസിച്ചു എത്ര നേരം വേണമെങ്കിലും സ്റ്റേഷനിലേ തണൽ മരങ്ങൾക്കടിയിൽ വിശ്രമിക്കാം.

ഗ്രാമീണരും നാട്ടു വിശേഷങ്ങൾ പങ്കുവയ്ക്കാൻ മര ചുവട്ടിൽ ആണ് സംഗമിക്കുന്നത്. സമീപത്തെ വഴിയിലൂടെ നടന്നാൽ തൊട്ടടുത്ത നെൽവയലിലേക്ക് പ്രവേശിക്കാം. 

വയലുകളിലെ പരിസ്ഥിതി സൗഹ്രദ വിശ്രമ കേന്ദ്രങ്ങൾ 
ഗ്രാമീണർ ഉച്ച സമങ്ങളിൽ വിശ്രമിക്കുന്നതിന്  വേണ്ടിയാണ് ഇവ ഉണ്ടാക്കിയിരിക്കുന്നത്. ഓല മേഞ്ഞ ചെറിയ കൂരകൾ ആണ് ഇവ. തറ നിരപ്പിൽ നിന്ന് അല്പം ഉയരത്തിൽ തൂണുകളിൽ ആണ് ഇവ നിർമിച്ചുരിക്കുന്നതു. രാത്രികാലങ്ങളിൽ കൃഷി ഇടങ്ങളിൽ വിളവ് തിന്നാൻ വരുന്ന വന്യ മൃഗങ്ങളെ  പാട്ട കൊട്ടി ഓടിക്കാൻ വേണ്ടിയും ഗ്രാമീണർ ഇവ പ്രയോജനപ്പെടുത്തുന്നു.

തെങ്കാശിയിലേക്കു മടങ്ങുന്നതിനു മുൻപ് ഞാൻ റെയിൽവേ സ്റ്റേഷന്  സമീപത്തെ ചെറിയ കടയിൽ നിന്ന് ചായയും പക്കാവടയും കഴിച്ചു കുറച്ച് നേരം ഗ്രാമീണരോട് വിശേഷങ്ങൾ ചോദിച്ചിരുന്നു. നന്മയും കരുതലും ഉള്ള മനുഷ്യരെ ആണ് ഞാൻ ഭഗവതിപുരത്ത്‌ കണ്ടത്. ഇനിയും വരാം എന്നും പറഞ്ഞ് ഞാൻ അവിടെ നിന്ന് മടങ്ങി.ബസ്സ് മാർഗം ഇവിടെ എത്തിചേരാൻ ബുദ്ധിമുട്ടാണ്. പുനലൂർ തെങ്കാശി ബസിൽ വരുന്നവർ പുളിയറൈ ചെക്‌പോസ്റ്റിൽ ഇറങ്ങണം. അവിടെ നിന്ന് മൂന്ന് കിലോമീറ്റർ ഇടത്തോട്ടു നടന്നാൽ ഭഗവതിപുരം റെയിൽവേ സ്റ്റേഷനിൽ എത്താം.

Avatar

About എബിൻ കെ.ഐ (ടൂറിസം അദ്ധ്യാപകൻ, ട്രാവൽ & ടൂറിസം റൈറ്റർ)

View all posts by എബിൻ കെ.ഐ (ടൂറിസം അദ്ധ്യാപകൻ, ട്രാവൽ & ടൂറിസം റൈറ്റർ) →