ബൈപ്പാസ് പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് സ്ഥലം മാറ്റം ; റദ്ദാക്കുവാൻ മന്ത്രിക്ക് കത്ത് നൽകി എം.എൽ.എ

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>>പെരുമ്പാവൂർ ബൈപ്പാസ് പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാന മൂല്യ നിർണ്ണയ റിപ്പോർട്ട് ( ബി.വി.ആർ ) തയ്യാറാക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിനെതിരെ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് കത്ത് നൽകി. നിലവിലുള്ള ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുന്നത് പദ്ധതിയുടെ മുന്നോട്ടു പോക്ക് അനിശ്ചിതത്വത്തിൽ ആകുമെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 11(1) വിജ്ഞാപനം പുറപ്പെടുവിച്ചാൽ സമയബന്ധിതമായി ഏറ്റടുക്കൽ നടപടികൾ പൂർത്തിയാക്കണമെന്ന നിബന്ധന ഉള്ളപ്പോൾ ഇപ്രകാരമുള്ള ഒരു സ്ഥലം മാറ്റം വികസന പ്രവർത്തനങ്ങളെ പിറകോട്ട് വലിക്കുകയും പദ്ധതി നടപടികൾക്ക് കാലതാമസം വരുന്നത് മൂലം കോടികണക്കിന് രൂപയുടെ അധിക ബാധ്യത പൊതു ഖജനാവിന് ഉണ്ടാകുന്നതുമാണ്.

എം.എൽ.എയുടെ നിരന്തര ശ്രമത്തെ തുടർന്ന് സാമൂഹ്യഘാത പഠനം നടത്തി സ്ഥലം ഏറ്റെടുക്കുവാൻ 11(1) വകുപ്പ് പ്രകാരം പ്രാഥമിക വിഞാപനം കഴിഞ്ഞ വർഷം ആഗസ്റ്റിൽ പുറത്തിറങ്ങിയിരുന്നു. തുടർന്ന് അതിവേഗത്തിൽ തന്നെ സമയബന്ധിതമായി സർവ്വേ നടപടികൾ പൂർത്തിയാക്കി റെക്കോർഡുകൾ അംഗീകരിച്ചു. പുതിയ നിയമപ്രകാരം പുനരധിവാസ പാക്കേജ് പ്രസിദ്ധികരിക്കുന്നതിന് നടപടികളും ആരംഭിച്ചു കഴിഞ്ഞു. കൂടാതെ സ്ഥലവില നിർണയിച്ചു വസ്തു ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് ബി.വി.ആർ തയ്യാറക്കുന്ന നടപടികൾ വേഗത്തിൽ നടന്നു കൊണ്ടിരിക്കുമ്പോൾ അതിൻ്റെ പൂർണ്ണ ചുമതലയുള്ള റവന്യു ഇൻസ്‌പെക്ടറെ 6 മാസം തികയുന്നതിന് മുൻപ് യാതൊരു കാരണവും കൂടാതെ മറ്റൊരു ഓഫീസീലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്. നാട്ടിലെ ജനങ്ങൾക്ക് ഉപകാരപ്രദമായ ഈ പദ്ധതി സമയ ബന്ധതമായി തീർക്കുന്നതിനു വേണ്ടി ഏകദേശം ഇരുപതോളം യോഗങ്ങളാണ് വിളിച്ചു ചേർത്തതെന്ന് എം.എൽ.എ പറയുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടക്ക് കൃത്യമായി ജോലി ചെയ്തന്നെ ഒറ്റ കാരണത്താൽ 6 ഉദ്യോഗസ്ഥരെയാണ് കാലാവധി മാന്ദണ്ഡങ്ങൾ കാറ്റിൽ പറത്തി യാതൊരു കാരണവുമില്ലാതെ ഭൂമീ ഏറ്റെടുക്കലിൻ്റെ ചുമതലയുള്ള കാക്കനാട് എൽ. എ. ജനറൽ തഹസീൽദാർ ഓഫീസിൽ നിന്നും സ്ഥലം മാറ്റിയത്. അവസാനം നിവൃത്തിയില്ലാതെ തനിക്ക് കളക്ടറേറ്റിൽ കുത്തിയിരുപ്പ് സമരം നടത്തേണ്ടി വന്ന കാര്യവും എം.എൽ.എ കത്തിൽ ഓർമ്മിപ്പിക്കുന്നു. റവന്യു ഇൻസ്പെക്ടറെ സ്ഥലം മാറ്റിയ നടപടിക്ക് എതിരെ എം.എൽ.എ കളക്ടർ, എ.ഡി.എം എന്നിവരെ ബന്ധപ്പെട്ടങ്കിലും മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടലാണ് പെട്ടെന്നുള്ള ഈ മാറ്റത്തിന് കാരണെമന്നാണ് ലഭിച്ച മറുപടിയെന്ന് എം.എൽ.എ പറഞ്ഞു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →