ബിവറേജ് കോർപ്പറേഷനെ ആപ്പിലാക്കി ആപ്പ് – കൈ പൊള്ളി ഉപഭോക്താക്കൾ ; ബാറുകളെ സഹായിക്കാനുള്ള തന്ത്രമാണെന്ന് ആക്ഷേപം

web-desk - - Leave a Comment

പെരുമ്പാവൂർ മദ്യവിൽപനശാലകളിൽ നിന്നും മദ്യം വാങ്ങിക്കുന്നതിനായി നിർമിച്ച മൊബൈൽ ആപ്പ് ബീവറേജ് കോർപ്പറേഷന് ആപ്പാകുന്നു. മദ്യ വിൽപ്പനയ്ക്കുള്ള ബെവ് ക്യൂ ആപ്പ് പൊതുമേഖലാ സ്ഥാപനമായ ബീവറേജസ് കോർപറേഷന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.ബാറുകളിൽ സർക്കാരിൻ്റെ ആപ്പ് സംവിധാനങ്ങളെല്ലാം അട്ടിമറിച്ച് ആവിശ്യക്കാർക്കെല്ലാം മദ്യം സുലഭമായി ലഭ്യമാക്കുകയാണ്. ആപ്പിൽ ബുക്ക് ചെയ്യാതെയും ടോക്കൺ ലഭിക്കാതെയും വരുന്നവർക്കെല്ലാം ബാറുകളിൽ നിന്ന് തോന്നിയവില ഈടാക്കിയഥേഷ്ടം മദ്യം വിറ്റഴിക്കുകയാണ്. ബെവ് കോയുടെ ആപ്പിൽ ലഭിക്കുന്ന ടോക്കണുമായി വന്നാൽ മാത്രമേ മദ്യം നൽകാവു എന്നാണ് സർക്കാരിൻ്റെ നിർദേശം.എന്നാൽ ഇവയൊന്നുമില്ലാതെ തന്നെ മിക്ക ബാറുകൾ വഴിയും മദ്യം ലഭ്യമാണ്. ഇങ്ങനെ ലഭിക്കുന്ന മദ്യത്തിന് ബീവറേജസിൽ ഉള്ളതിനെക്കാൾ 30 മുതൽ 60ശതമാനം വരെ വില കൂടുതലാണ്. ആപ്പിൽ ബുക്ക് ചെയ്യുന്ന സമയത്ത് തൊട്ടടുത്തുള്ള ബീവറേജസ് ഷോപ്പ് ഒഴിഞ്ഞുകിടക്കുകയാണെങ്കിലും ബാറുകളിലേക്കോ ദൂരെയുള്ള ബെവ് കോ ഷോപ്പിലേക്കോ ആണ് ടോക്കൺ ലഭിക്കുന്നതെന്ന് ഉപയോക്താക്കൾ പരാതിപ്പെടുന്നു. ഇതിൽ ദുരൂഹതയുണ്ടെന്നും ബാറുകളെ സഹായിക്കാനുള്ള തന്ത്രമാണിതെന്നും ഉപഭോക്താക്കൾ ആരോപിക്കുന്നു.ബിവറേജസ് ഔട്ട് ലെറ്റുകളിലെ വരുമാനം ഇടിഞ്ഞത് കോർപ്പറേഷനെ പ്രതിസന്ധിയിലാക്കി. എട്ട് ലക്ഷം രൂപയുടെയെങ്കിലും ദിവസ വിൽപ്പനയില്ലെങ്കിൽ ഔട്ട് ലെറ്റുകൾ നഷ്ടമാണെന്നാണ് ബിവറേജസ് കോർപ്പറേഷൻ പറയുന്നത്.മുൻപ് 15 ലക്ഷം വരെ വിറ്റുവരവുണ്ടായിരുന്ന ഔട്ട് ലെറ്റുകളിലെ വരുമാനം മൂന്ന് ലക്ഷമായി ഇടിഞ്ഞിട്ടുണ്ട്. വിൽപ്പന കുറവായതിനാൽ പലയിടങ്ങളിലും പുതിയ സ്റ്റോക്ക് എടുത്തിട്ടില്ല. ആപ്പിൽ ബുക്ക് ചെയ്യുന്ന ഭൂരിഭാഗം ആളുകൾക്കും ടോക്കൺ ലഭിക്കുന്നത് ബാറുകളിലെക്കാണ്. മിക്ക ബാറുകളിലും മദ്യം വാങ്ങാനുള്ള ആളുകളുടെ തിരക്ക് ഉണ്ടാകുമ്പോഴും ബിവറേജസ് കോർപ്പറേഷൻ്റെ മിക്ക ഔട്ട്ലെറ്റുകളിലും ആളില്ലാത്ത സ്ഥിതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *