പ്രായപൂർത്തിയാകുന്നിനു മുമ്പ് ഒളിച്ചോട്ടം; അരി വാങ്ങാൻ മോഷണം; മലപ്പുറത്ത് പെൺകുട്ടിയും യുവാവും പിടിയിൽ

web-desk - - Leave a Comment


മലപ്പുറം: കാമുകനൊപ്പം കഴിയാൻ പ്രായപൂർത്തിയാകുന്നതിനു മുന്നേ വീടുവിട്ടിറങ്ങിയ പെൺകുട്ടി മോഷണക്കേസിൽ പിടിയിൽ. മലപ്പുറത്താണ് സംഭവം നടന്നത്. ബൈക്കിൽ എത്തി സ്ത്രീയുടെ മാല മോഷ്ടിച്ച കേസിലാണ് യുവതിയും കാമുകനും പിടിയിലായത്. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി ചെബ്രത്ത് ശ്രീരാഗും (23) ഇയാളുടെ പ്രായപൂർത്തിയാകാത്ത കാമുകിയുമാണ് പിടിയിലായിരിക്കുന്നത്. പെരിന്തൽമണ്ണ പൊലീസാണ് ഇവരെ കൈയോടെ പൊക്കിയത്. 23ന് വൈകിട്ട് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനു സമീപത്തായിരുന്നു ഇവരുടെ മോഷണം. പരാതിക്കാരിയായ സ്ത്രീയിൽ നിന്ന് ലഭിച്ച വിവരങ്ങളും ടൗണിലും പരിസരങ്ങളിലുമുള്ള സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് ഇരുവരെയും പൊലീസ് കുടുക്കിയത്. സഞ്ചരിച്ച ബൈക്കിനെ കുറിച്ചും പ്രതികളെ കുറിച്ചും സോഷ്യൽ മീഡിയയിലൂടെ സൂചന ലഭിച്ചിരുന്നു. പ്രതികൾ വയനാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതായ വിവരത്തെ തുടർന്ന് പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 
പെൺകുട്ടിയുമായി പ്രണയത്തിലായി വീട് വിട്ടിറങ്ങേണ്ടി വന്നതായും ജീവിത ചെലവിനും വാഹനം വാങ്ങുന്നതിനും കണ്ടെത്തിയ മാർഗമാണ് മാല പൊട്ടിക്കലെന്നും പ്രതി പറഞ്ഞതായി അന്വേഷണ സംഘം അറിയിച്ചു. ബൈക്കിന്‍റെ പിന്നിലുണ്ടായിരുന്നത് കാമുകിയായിരുന്നെന്നും, പണമുണ്ടാക്കാൻ ഇരുവരും ആലോചിച്ച് കണ്ടെത്തിയ മാർഗമാണ് മാലപൊട്ടിക്കലെന്നും പ്രതി പൊലീസിനോട് പറഞ്ഞു. 
മലപ്പുറത്തെ ഒരു ജൂവലറിയിൽ വിറ്റ മാല പ്രതിയുടെ സാന്നിധ്യത്തിൽ പൊലീസ് കണ്ടെടുത്തു. സമാന കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോയെന്ന പരിശോധിക്കുമെന്നും തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു. ശ്രീരാഗിനെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്‌തു. പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *