ഭോപ്പാൽ: മധ്യപ്രദേശിൽ നിന്നും പുറത്തു വന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്. പൊലീസിനെ കണ്ട് ഭയന്ന ബൈക്ക് യാത്രികൻ ഭാര്യയുടെ പെറ്റിക്കോട്ട് മാസ്ക് ആക്കിയതാണ് വീഡിയോയിലെ ചിരി കാഴ്ച്ച. മധ്യപ്രദേശിലെ ദാമോഹിൽ നിന്നാണ് രസകരമായ ഈ വാര്‍ത്തയെത്തുന്നത്. കോവിഡ് വ്യാപനപശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾക്ക് നടുവിലാണ് മധ്യപ്രദേശ്. ഫേസ് മാസ്‌ക് ധരിക്കുന്നത് ഉൾപ്പെടെ ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ കര്‍ശനമായി നടപ്പിലാക്കി വരുന്നുമുണ്ട്. നിർദേശങ്ങൾ അനുസരിക്കാത്തവർക്ക് പിഴ അടക്കമുള്ള ശിക്ഷയും ഉണ്ട്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ യുവാവ് നിരത്തിൽ പൊലീസിനെ കണ്ടതോടെ പിഴ ഒഴിവാക്കാനാണ് പെറ്റിക്കോട്ട് മാസ്ക് ആക്കിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു സംഭവം.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായാണ് പൊലീസ് നിരത്തുകളിൽ പരിശോധന കർശനമാക്കിയത്. മാസ്ക് ധരിക്കാത്തവരില്‍ നിന്നും പിഴയും ഈടാക്കുന്നുണ്ടായിരുന്നു. പൊലീസ് ചെല്ലാൻ എഴുതി നൽകുന്നത് ഇതുവഴി ബൈക്കിൽ വരികയായിരുന്ന യുവാവിന്‍റെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ സ്വയം രക്ഷക്കായി ഇയാൾ കയ്യിലെ ബാഗിൽ നിന്നും ഭാര്യയുടെ പെറ്റിക്കോട്ട് എടുത്ത് മുഖത്ത് കെട്ടുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ചിരി പടർത്തി സംഭവത്തിന്‍റെ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.