വാഴക്കുളം>>>തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് പൈനാപ്പിൾ വ്യാപാരശാലയിൽ തൊഴിലാളി യൂണിയൻ പ്രവർത്തകർ സംഘർഷം ഉണ്ടാക്കിയതായി പരാതി.
പൈനാപ്പിൾ മാർക്കറ്റിന് സമീപമുള്ള പൈനാപ്പിൾ പാർക്കിലാണ് ബുധനാഴ്ച രാത്രി എട്ടരയോടെ സംഘർഷാവസ്ഥ ഉണ്ടായത്.സ്ഥാപനമുടമ ഷൈൻ കല്ലുങ്കൽ ഇതു സംബന്ധിച്ച് വാഴക്കുളം പോലീസിൽ പരാതി നൽകി.അംഗീകൃത യൂണിയനുകൾക്ക് കയറ്റിയിറക്ക് തൊഴിൽ നൽകാതെ സ്ഥാപനവുമായി ബന്ധപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് കുറഞ്ഞ നിരക്കിൽ ജോലി ചെയ്യിപ്പിക്കുന്നതായി നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ യൂണിയൻ തൊഴിലാളികളും സ്ഥാപനത്തിൽ ഉണ്ടായിരുന്ന മാനേജരും തമ്മിലുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
യൂണിയൻ തൊഴിലാളികൾ സ്ഥാപനത്തിൽ കയറി വിശ്രമിക്കുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളേയും മാനേജരേയും ആക്രമിക്കുകയായിരുന്നു. കടയിലെ സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമായി കാണാം.തൊഴിൽ ദിനങ്ങൾ കുറവായതിനാൽ വർഷങ്ങളായി പൈനാപ്പിൾ മാർക്കറ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വരുമാനം കുറവാണ്.എല്ലാ യൂണിയനിലും ഉൾപ്പെട്ട തൊഴിലാളികൾക്ക് ഇതേ പരാതി നാളുകളായി ഉണ്ടായിരുന്നു.വ്യാപാര ശാലയിലെത്തുന്ന പൈനാപ്പിൾ ഇറക്കുന്നതിനും ലോറികളിൽ ലോഡാക്കുന്നതിനുമൊക്കെ യൂണിയൻ തൊഴിലാളികളെ വിളിക്കാതെ സ്ഥാപനത്തിലെ തന്നെ ജോലിക്കാരെ പതിവായി വിനിയോഗിക്കുന്നതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്.
എന്നാൽ പൈനാപ്പിൾ സ്ഥാപനത്തിലെ ജോലികൾക്ക് മതിയായ യൂണിയൻ തൊഴിലാളികളെ യഥാസമയം ലഭിക്കുന്നില്ലെന്നാണ് സ്ഥാപനമുടമ പറയുന്നത്.തൊഴിലാളികളുടെ എണ്ണം കുറവായതിനാൽ വാഹനത്തിൽ സമയത്തിന് ചരക്കു നിറച്ച് അയക്കാൻ കഴിയുന്നില്ല.വാഴക്കുളം ടൗൺ മേഖലയ്ക്കു പുറമേയുള്ള സമീപ പ്രദേശങ്ങളിൽ ചെറുവാഹനങ്ങളിൽ നിന്ന് പൈനാപ്പിൾ മാറ്റി കയറ്റുന്നതിനും യഥാസമയം തൊഴിലാളികൾ എത്തുന്നില്ല.ഇതിനാൽ പലപ്പോഴും സ്വന്തം തൊഴിലാളികളെ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടെന്നും ഷൈൻ പറഞ്ഞു.തൊഴിലാളികളുടെ ഹാജർ നില പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. സ്ഥാപനത്തിൽ കയറി അക്രമമുണ്ടാക്കിയത് അനുവദിക്കാവുന്നതല്ലെന്നും മർച്ചൻറ്സ് അസോസിയേഷനിലും പൈനാപ്പിൾ മർച്ചൻ്റ്സ് അസോസിയേഷനിലും ഇതു സംബന്ധിച്ച് പരാതി നൽകിയതായും ഷൈൻ കല്ലുങ്കൽ അറിയിച്ചു.
Follow us on