പെരുമ്പാവൂർ വാഴക്കുളംകുന്നുകുഴിയിൽ കൊറിയറിലൂടെ വന്ന കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ട് പേർ കൂടി പിടിയിൽ

web-desk -

പെരുമ്പാവൂർ>> കുന്നുകുഴിയിൽ കൊറിയറിലൂടെ വന്ന കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ട് പേർ കൂടി പിടിയിൽ. കോട്ടപ്പടി കൊള്ളിപറമ്പ് റോഡ് മേൽഭാഗത്ത് വീട്ടിൽ ജിനു ജോർജ്ജ് (24), തൃക്കാരിയൂർ അയിരൂർപാടം കാരക്കുഴി വീട്ടിൽ സജ്മൽ യൂസഫ് (23) എന്നിവരാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. ആന്ധ്രയിൽ നിന്ന് കൊറിയർ വഴി എത്തിച്ച 31 കിലോ കഞ്ചാവുമായി തിങ്കളാഴ്ചയാണ് രണ്ട് പേരെ പ്രത്യേക ടീം പിടികൂടിയത്.

തുടര്‍ന്ന് പ്രത്യേക പോലീസംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കഞ്ചാവ് പണം കൊടുത്ത് വാങ്ങിയവരിൽ ഒരാളാണ് ജിനു ജോർജ്ജ്. ഇയാളുടെ പേരിൽ കേരളത്തിനകത്തും പുറത്തും കഞ്ചാവ് കൈവശം വച്ചതിനും കോതമംഗലത്ത് അടിപിടി ഉണ്ടാക്കിയതിനും കേസുണ്ട്‌. കൊറിയറായി വന്ന കഞ്ചാവ് പാർസലിൽ ഒന്ന് സജ്മൽ യൂസഫിന്‍റെ പേരിലാണ് വന്നത്. അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണെന്ന് എസ്.പി കെ. കാർത്തിക്ക് പറഞ്ഞു.