പെരുമ്പാവൂർ >>> പള്ളിക്കവലയിൽ എ.എം.റോഡിന് സമീപം പ്രവർത്തി
ക്കുന്ന ഫവാസ് മാട്രസ് എന്ന കമ്പനിക്കാണ് തീപിടിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. പന്ത്രണ്ട് ലക്ഷം രൂപയോളം നഷ്ടമുണ്ടായെന്ന് കമ്പനിയുടമ കീപ്പിയത്ത് മാഹീൻ പറഞ്ഞു.നിർമ്മാണ യൂണീറ്റും, ഹോൾസെയിൽ ഷോറൂമും അടുത്തടുത്തായാണ് പ്രവർത്തിക്കുന്നത്. ആളപായമില്ല. തീ പിടിക്കുന്ന സമയത്ത് ജോലിക്കാരൊന്നും തന്നെ നിർമ്മാണ യൂണീറ്റിൽ ഉണ്ടായിരുന്നില്ല. പെരുമ്പാവൂരിൽ നിന്ന് അഗ്നിശമന സേനയെത്തി ഉടൻ തീയണച്ചു വൻ ദുരന്തം ഒഴിവാക്കി. ബെഡ് കമ്പനിക്ക് സമീപം പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിയിൽ നിന്ന് ഷോർട്ട് സർക്യൂട്ട് വഴി തീ പടർന്നതാണ് കാരണമെന്ന് പറയപ്പെടുന്നു. പന്ത്രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിലും, തൻ്റെ കമ്പനിയുടെ കുഴപ്പമല്ലാതെ അടുത്തുള്ള കമ്പനിയുടെ വയറിംങിലെ അപാകത കൊണ്ടുണ്ടായ നഷ്ടമാണെങ്കിലും തനിക്ക് പരാതിയൊന്നും ഇല്ലെന്നും കമ്പനിയുടമ മാഹീൻ പറഞ്ഞു.യൂണിറ്റിൻ്റെ ഒരു ഭാഗം വളരേ പഴക്കം ചെന്ന കെട്ടിടവും മറ്റൊരു ഭാഗം പുതുതായി പണിത ഇരുനില കെട്ടടവുമാണ്.ഇതിൽ പഴയ കെട്ടിടത്തിൽ മാത്രമേ തീ പടർന്നിട്ടൊള്ളു.
കെട്ടിടം ഓടിട്ട മേൽക്കൂര ഉൾപ്പെടെ ഭാഗീകമായും കത്തിനശിച്ചു.