പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു തീരവാസികള്‍ ആശങ്കയില്‍

ന്യൂസ് ഡെസ്ക്ക് - - Leave a Comment

പെരുമ്പാവൂര്‍: മഴ കനത്തതോടെ പെരിയാറിലെ വെള്ളം ക്രമാതീതമായി ഉയരാന്‍ തുടങ്ങിയതോടെ തീരവാസികള്‍ ആശങ്കയിലായി. കൊച്ചുപുരയ്ക്കല്‍ കടവ്, പാണിയേലി ഭാഗത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രളയത്തിലും വെള്ളം കയറിയതിനാല്‍ ഈ ഭാഗത്ത് താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ ഭീതിയിലാണ്. മഴവെള്ളം മാത്രം ഒഴുകിയാല്‍ നദി കരകവിയുകയില്ലെന്നും ഡാം തുറന്നുണ്ടാകുന്ന മലവെള്ള പാച്ചിലാണ് പെട്ടെന്നുണ്ടാകുന്ന പ്രളയത്തിന് കാരണമെന്നും നാട്ടുകാര്‍ പറയുന്നു. ഭൂതത്താന്‍കെട്ട് ഡാം തുറന്നുവിട്ടെങ്കിലും ഇടമലയാര്‍ ഡാമിന്റെ ഷട്ടര്‍ ഇതുവരെ തുറന്നിട്ടില്ല. രണ്ട് അടികൂടി വെള്ളം ഉയര്‍ന്നാല്‍ ഷട്ടര്‍ തുറക്കും. പാണിയേലിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന സൊസൈറ്റി പാലത്തിന്റെ ശോച്യാവസ്ഥ ആശങ്ക ഉയര്‍ത്തുന്നു. 1962 ല്‍ പണികഴിപ്പിച്ച പാലം അപകടാവസ്ഥയിലാണ്. ഒരു വാഹനത്തിന് മാത്രം കടന്നുപോകുവാന്‍ വീതിയുള്ള ഈ പാലത്തിലൂടെ ബസുകളും, ഭാരവാഹനങ്ങളും ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ്് ദിനം പ്രതി കടന്നുപോകുന്നത്. പാലത്തിനടിയില്‍ പണികഴിപ്പിച്ച തടയിണ കവിഞ്ഞ് വെള്ളം ശക്തമായി ഒഴുകുന്നതോടെ പാലത്തിന്റെ തൂണിന്ചുറ്റും ചുഴി രൂപപ്പെടുന്നത് തൂണുകളുടെ ബലക്ഷയത്തിന് കാരണമാകും. പാലത്തിന്റെ അറ്റകുറ്റപ്പണിയെങ്കിലും നടത്തിയില്ലെങ്കില്‍ പാലം തകരുമെന്നും ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള സൊസൈറ്റി പാലം ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് എത്രയും വേഗം അറ്റകുറ്റപ്പണി ആരംഭിക്കണമെന്ന് നാട്ടുകാര്‍ ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *