മൂന്നാർ: ദുരന്തമുണ്ടായി 12 ദിവസം പിന്നിട്ടിട്ടും പെട്ടിമുടിയിൽ രക്ഷപെട്ട കുടുംബങ്ങൾ ഇപ്പോഴും പെരുവഴിയിൽ. ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടവരിൽ പകുതിയോളം കുടുംബങ്ങൾ ഇപ്പോഴും ബന്ധുവീടുകളിൽ കഴിയുകയാണ്. ഇവരുടെ പുരധിവാസം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. പെട്ടിമുടിയിലെയും തൊട്ടപ്പുറത്തെ രാജമലയിലെയും നാൽപതോളം കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. കണ്ണൻദേവൻ കമ്പനിക്കാണ് ഇതിന്‍റെ ചുമതല. ഇതിൽ ഇരുപതോളം കുടുംബങ്ങളെ നയമക്കാട് എസ്റ്റേറ്റിലെ ഒഴിഞ്ഞ കിടന്ന ലയങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ബാക്കിയുള്ളവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. നാലും അഞ്ചും പേർ കഴിയുന്ന ഒറ്റമുറി ലയങ്ങളിലക്ക് കൂടുതൽ പേർ എത്തിയതോടെ നിന്ന് തിരിയാനാകാത്ത സ്ഥിതിയാണ്. മൂന്നാറിലെ സർവശിക്ഷ അഭിയാന്‍റെ കണക്കനുസരിച്ച് 26 കുട്ടികളാണ് ഉരുൾപൊട്ടൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. പക്ഷ ഇവരുടെ പുസ്‌തകങ്ങളും പഠനോപകരങ്ങളുമെല്ലാം മലവെള്ളപ്പാച്ചിലിൽ നഷ്ടമായി. ഓൺലൈൻ പഠനം പ്രതിസന്ധിയിലായി. ഇവർക്ക് കൗൺസിംലിങ് നൽകണമെന്ന് ആവശ്യപ്പെട്ട് എസ്എസ്കെ ജില്ല ലീഗൽ സർവീസ് സൊസൈറ്റിയ്ക്ക് കത്തയച്ചു. ഒപ്പം തുടർപഠനത്തിനുള്ള സൗകര്യങ്ങളൊരുക്കണമെന്ന് ജില്ലഭരണകൂടത്തോടും ആവശ്യപ്പെട്ടു. പെട്ടിമുടിയിലെ തെരച്ചിൽ 12-ാം ദിവസമായ ഇന്നും തുടരുന്നുണ്ട്. 12 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 58 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു.